District News
കുറ്റിച്ചൽ : കുറ്റിച്ചൽ പഞ്ചായത്തിലെ കടമാൻകുന്ന്പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് കടമാൻകുന്ന്.
താത്കാലിക ജീവനക്കാരായ കരാർ തൊഴിലാളികളാണ് പൈപ്പ് ലൈൻ ജോലികൾ ചെയ്യുന്നത്. നാട്ടുകാരുടെ പരാതിയും ബുദ്ധിമുട്ടുകളും ഇവരോടാണ് ജനങ്ങൾ പറയുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടിവെള്ളം എത്തിക്കണമെന്നാണ് കടമാൻകുന്ന്, കടുവാക്കുഴി, കള്ളിയൽ, മുതിയന്കാവ് , പ്രദേശത്തുള്ളവർ പറയുന്നത്. കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതിന് വേണ്ടി ബസ് സർവീസ് ഉള്ള പൊതുമരാമത്ത് റോഡും പഞ്ചായത്ത് റോഡുകളും മുറിച്ചിട്ട് ടാർ ചെയ്യാതെ വൻകുഴികളായി കിടന്നിട്ട് മാസങ്ങളായി.
പരുത്തി പള്ളിയിലെ വാട്ടർ അഥോറിറ്റി പമ്പിംഗ് സ്റ്റേഷൻ പണി പൂർത്തിയാകുമ്പോൾ വെള്ളം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു. അടിയന്തരമായി കടമാൻകുന്ന്പ്രദേശത്ത് കുടിവെള്ളം എത്തിക്കണം എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
District News
കടുത്തുരുത്തി: നാലുപാടും വെള്ളം. എന്നാല് കുടിവെള്ളം കിട്ടാക്കനി. എഴുമാന്തുരുത്തിലേതാണ് ഈ അവസ്ഥ. ഒരു മാസം മുമ്പ് വെള്ളത്തില് മുങ്ങിയ നാട്ടിലാണ് വെയില് അടിച്ചു തുടങ്ങിയതോടെ കുടിവെള്ളത്തിനായി പരക്കം പാച്ചില് തുടങ്ങിയത്.
വേനല് കടുത്തതോടെ യഥാസമയം കുടിവെള്ളം കിട്ടാന് മാര്ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് എഴുമാന്തുരുത്ത് ഗ്രാമത്തിലെ ജനങ്ങള്. ജലഅഥോറിറ്റിയുടെ കുടിവെള്ളം കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതിനെതിരേ സമരത്തിനൊരുങ്ങുകയാണ് ഗ്രാമവാസികള്.
കാര്ഷിക ഗ്രാമമാണ് എഴുമാന്തുരുത്ത്. നെല്ക്കര്ഷകരും ക്ഷീരകര്ഷകരും തൊഴിലാളികളുമടക്കം സാധാരണക്കാര് തിങ്ങിപ്പാര്ക്കുന്ന പ്രദേശം.
കടുത്തുരുത്തി പഞ്ചായത്തിലെ 16-ാം വാര്ഡാണ് എഴുമാന്തുരുത്ത്. 450 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. പാടശേഖരങ്ങളോട് ചേര്ന്നാണ് വീടുകളില് അധികവും.
75 ഓളം വീടുകളില് മാത്രമാണ് കിണറുകളുള്ളത്. വേനല് കടുത്തതോടെ 30 വീടുകളിലെ കിണറുകൾ വെള്ളം ഇല്ലാത്ത നിലയിലാണ്.
പല കിണറുകളിലും വെള്ളത്തിന്റെ നിറത്തിലും മാറ്റമുണ്ട്. എല്ലാ വീട്ടിലും ജൽജീവന് മിഷന് വഴി ജലഅഥോറിറ്റി 2020-ല് പൈപ്പ് ലൈന് സ്ഥാപിച്ചു നല്കി. വെള്ളവും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു.
വേനല് കടുത്തതോടെ ആഴ്ച്ചയില് ഒരു ദിവസം പോലും നിലവില് പൈപ്പില് വെള്ളമെത്താത്തതാണ് ഗ്രാമവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. പുലിത്തുരുത്ത്, തുരുത്ത്, മാത്താംകരി, കൊല്ലങ്കേരി എന്നീ ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്.
കിണറുകളുള്ള പ്രദേശങ്ങളില് നടന്നുപോയാണ് നിലവില് വീട്ടമ്മമാര് വെള്ളം ശേഖരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളും മറ്റു തൊഴിലെടുക്കുന്ന സ്ത്രീകളും വൈകുന്നേരം ജോലി കഴിഞ്ഞ് വന്നിട്ടാണ് വെള്ളം എടുക്കാന് പോകുന്നതെന്ന് പ്രദേശവാസിയായ ശ്രീഭവനില് സരസമ്മ പുരുഷന് പറഞ്ഞു.
ജല അഥോറിറ്റി വേനല്ക്കാലത്ത് എല്ലാ ദിവസവും അറ്റകുറ്റപണിയെന്ന പേരില് ജലവിതരണം മുടക്കുകയാണെന്ന ആക്ഷേപവും പ്രദേശവാസികള്ക്കുണ്ട്.
ആഴ്ച്ചയില് മൂന്നു ദിവസമെങ്കിലും പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്താല് പരിഹരിക്കാവുന്ന പ്രശ്നമാണെങ്കിലും ജല അഥോറിറ്റി അധികൃതര് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ഗ്രാമവാസികളുടെ പരാതി.
നിരവധിതവണ അധികൃതര്ക്ക് പരാതി നല്കിയെങ്കിലും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചുറ്റിനും തോടും പുഴയുമെല്ലാമുണ്ട്.
സര്വത്ര വെള്ളമാണ് എഴുമാന്തുരുത്തില്. കുടിക്കാനൊരു തരിയില്ല. നീര്ച്ചാലുകളെല്ലാം പുല്ലും പായലും നിറഞ്ഞ് മലിനമായി കിടക്കുകയാണ്. പാത്രം കഴുകാനും വസ്ത്രം നനയ്ക്കാനും പോലും വെള്ളം കിണറുകളുള്ള സ്ഥലങ്ങളിൽനി ന്ന് ശേഖരിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില് വില കൊടുത്ത് വെള്ളം വാങ്ങണം. ജല അഥോറിറ്റി കാര്യക്ഷമമായാല് പരിഹരിക്കാവുന്ന പ്രശ്നമാണിതെന്ന് എഴുമാന്തുരുത്തിലെ താമസക്കാരിയായ ചാലയില് ജലജ കനകാംബരന് പറയുന്നു.
District News
തിരുവനന്തപുരം: ചാല സിഎസ്എസ് ഹാൾ ലൈനിൽ വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചിരുന്ന കുടിവെള്ള പ്രശ്നത്തിനും ഗതാഗത ക്ലേശത്തിനും ഗതാഗത മന്ത്രി സി.പി ജോണിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ശാശ്വത പരിഹാരം.
മലിനജലം കലർന്ന കുടിവെള്ള പൈപ്പ് ലൈൻ കണ്ടെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനൊപ്പം തകർന്നുകിടന്ന റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കുകയും ചെയ്തു. ഒരു പ്ലംബറുടെ അശ്രദ്ധയെ തുടർന്നു സ്വകാര്യ വ്യക്തിയുടെ ഡ്രെയിനേജ് കണക്ഷൻ കുടിവെള്ള പൈപ്പ് ലൈനുമായി ബന്ധിപ്പിക്കപ്പെട്ടതാണ് പ്രദേശവാസികൾക്കു ദുരിതമായത്. ഒന്നര വർഷമായി ഈ പ്രദേശത്തെ 30 കുടുംബങ്ങൾ മാലിന്യം കലർന്ന കുടിവെള്ളം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും നിരവധി പേർക്ക് അസുഖങ്ങൾ പിടിപെടുകയും ചെയ്തിരുന്നു.
നാട്ടുകാർ മന്ത്രിക്കു നേരിട്ടു പരാതി നൽകിയതോടെയാണ് നടപടിയുണ്ടായത്. മന്ത്രിയുടെ നിർദേശപ്രകാരം ജല അഥോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ പൈപ്പിലൂടെ എത്തുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ കലർന്നതായി കണ്ടെത്തി.
തുടർന്നു രണ്ടു ദിവസം നീണ്ട പരിശോധനയിലാണ് കുടിവെള്ള ലൈനിലെ അപാകത അധികൃതർ കണ്ടെത്തിയത്. ജല അഥോറിറ്റി കുര്യാത്തി സെക്ഷൻ അധികൃതരോട് മന്ത്രി നേരിട്ട് വിശദീകരണം തേടി. ഇതോടെ തെറ്റായ കണക്ഷൻ വിച്ഛേദിക്കുകയും കുടിവെള്ള ലൈനുകൾ അണുവിമുക്തമാക്കുകയും ചെയ്തു. നിലവിൽ പ്രദേശത്ത് ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നത്തിന് പുറമെ, ഇതേ ലൈനിൽ നാലു വർഷമായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടന്ന റോഡും മന്ത്രിയുടെ ഇടപെടലിനെ തുടർന്നു ഗതാഗതയോഗ്യമാക്കി.
തകർന്നുകിടന്ന റോഡിലൂടെയുള്ള യാത്രാക്ലേശം സംബന്ധിച്ചു നാട്ടുകാർ നൽകിയ പരാതിയിലാണ് മന്ത്രി അടിയന്തര നിർദേശം നൽകിയത്. നിലവിൽ ടൈൽ പാകിയ റോഡിലൂടെ നാട്ടുകാർക്കു സുഗമമായി യാത്ര ചെയ്യാൻ സാധിക്കും. ഏറെ നാളായുള്ള ദുരിതങ്ങൾക്ക് പരിഹാരം കണ്ട മന്ത്രിയുടെ ഇടപെടലിൽ പ്രദേശവാസികൾ വലിയ സന്തോഷത്തിലാണ്.
District News
കുട്ടികൾക്കുള്ള ഭക്ഷണത്തിന് നിരോധനം പാടില്ലെന്ന് മേയർ
തിരുവനന്തപുരം: തിയറ്ററുകളിലെ ഭക്ഷണശാലകളിൽ അമിത വില ഈടാക്കുന്നതിനെതിരേ കർശന നടപടിയുമായി തിരുവ നന്തപുരം കോർപറേഷൻ.
എല്ലാ സിനിമാശാലകളിലെയും പ്രവേശനകവാടത്തിലും എല്ലാ വാതിലുകളുടെ മുന്നിലും കുടിവെള്ളവും ഗ്ലാസും വയ്ക്കണമെന്ന് ഇന്നലെ നടന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ മേയർ വി.വി. രാജേഷ് നിർദേശം നൽകി. കുട്ടികൾക്കുള്ള ഭക്ഷണം തിയേറ്ററുകൾക്കുള്ളിൽ കൊണ്ടുപോകാൻ യാതൊരു നിയന്ത്രണങ്ങളും പാടില്ല.
ഉത്ന്നങ്ങളുടെ വിലനിയന്ത്രിക്കാനും കുടിവെള്ളം സൗജന്യമായി നൽകാനും മേയർ നിർദേശിച്ചു. വില നിയന്ത്രിക്കാനും നിശ്ചയിക്കാനും കോർപറേഷന് അധികാരമില്ലെങ്കിലും തീയേറ്ററുകൾക്ക് ലൈസൻസ് ലഭിച്ചശേഷം പാലിക്കേണ്ട മാനദണ്ഡങ്ങൾ നടപ്പിലാക്കാത്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മേയർ വി.വി. രാ ജേഷ് അറിയിച്ചു.
ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ലഭിച്ചശേഷം ഉപകരണങ്ങൾ മാറ്റി അവിടെ സീറ്റുകൾ ഘടിപ്പിക്കുന്നത് പരി ശോധനയിൽ കണ്ടെത്തിയി രുന്നു. ഇത്തരം സിനിമാശാലകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മേയർ അറിയിച്ചു.
സിനിമ കാണാനെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം കോന്പൗണ്ടിൽ ഒരുക്കണം. തീയേറ്ററുകളിൽ എത്തുന്നവരുടെ ബാഗ് പരിശോധനയെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചിരുന്നു. സ്ത്രീകളുടെ ബാഗുകൾ വനിതകളായ സെക്യൂരിറ്റികൾ തന്നെ പരിശോധിക്കണം. എന്നാൽ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലെ പരിശോധന പാടില്ല. അത്തരം പരിശോധനകളെക്കുറിച്ചു പരാതി ലഭിച്ചാൽ പോലീസിനു കൈമാറും.
മാലിന്യങ്ങൾ കോർപറേഷൻ അംഗീകരിച്ചിട്ടുള്ള ഏജൻസികൾക്കു മാത്രമേ നൽകാവൂ. തിയേറ്ററുകളിൽനിന്നും മാലിന്യങ്ങൾ നൽകുന്ന കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടായിരിക്കണം. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെ തിയറ്ററുകൾ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അതു തിരുത്തണം. 15 ദിവസത്തിനുശേഷം ഇതുപോലെ വീണ്ടും ഉടമകളുമായി ചർച്ച നടത്തുമെന്നും വി.വി. രാജേഷ് പറഞ്ഞു. ആഹാരം വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളിലും കോർപറേഷന്റെ കൃത്യമായ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം 63 ഹോട്ടലുകളിൽ പരിശോധന നടത്തി. 28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 14 ഇടങ്ങളിലെ സ്ഥാപനങ്ങൾ സീൽചെയ്തു. വരും ദിവസങ്ങളിൽ നിലവിലുള്ള നിയമങ്ങളും സുപ്രീംകോടതിയുടെ വിധികൾക്കും അനുസൃതമായി നടപടിസ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
District News
മരട്: മരട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ച് ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. ചർച്ചകളെ തുടർന്ന് പാഴൂർ പമ്പ് ഹൗസിൽ നിന്നും പമ്പിംഗ് പുനരാരംഭിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.യു. വിജു, കൗൺസിലർമാരായ ദിഷ പ്രതാപൻ, എം.പി. സുനിൽകുമാർ,എം.വി. ഉല്ലാസ്, സിറിയക്ക് ഷാൽബി, എം.കെ. മുരളീധരൻ, ജിഷ പ്രമോദ്, ലേഖ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
District News
പേരാവൂർ: പേരാവൂർ ടൗണിലും പരിസര പ്രദേശങ്ങളിലും വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരു മാസം. ഇതുവരെ കുടിവെള്ള വിതരണ തടസം പരിഹരിക്കാൻ അധികൃതർ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. കുടിവെള്ള വിതരണം പൂർണമായും നിലച്ചതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ-ഇതര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ കടുത്ത പ്രതിസന്ധിയിലായി.
വെള്ളം ലഭിക്കാതായതോടെ ടൗണിലെ പൊതു ശൗചാലയങ്ങളും ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ടൗണിലെത്തുന്ന പതിനായിരക്കണക്കിന് പൊതുജനങ്ങളും ഇതോടെ ദുരിതത്തിലായി. പൊതു കിണറിന്റെ പുനർനിർമാണം നടക്കുന്നതിനാൽ അവിടെനിന്നും വെള്ളം ശേഖരിക്കാൻ കഴിയാത്തത് ഹോട്ടലുകളെയും കൂൾബാറുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ചെവിടിക്കുന്നിലെ പമ്പ് ഹൗസിൽ നിന്നു ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും ടൗണിലേക്ക് ജലം എത്താത്തതിന്റെ കാരണം കണ്ടെത്താൻ ആഴ്ചകൾ കഴിഞ്ഞിട്ടും ജലവിഭവ വകുപ്പിന് സാധിച്ചിട്ടില്ല. മഴക്കാലമായതിനാൽ പൈപ്പിലെ ലീക്ക് എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് വാട്ടർ അഥോറിറ്റിയുടെ വിശദീകരണം.
ജലവിതരണം എന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പുപറയാൻ അധികൃതർ തയാറാകുന്നില്ല. കൂത്തുപറമ്പ് സെക്ഷൻ ഓഫീസിൽ നിലവിൽ അസിസ്റ്റന്റ് എൻജിനിയർ ഇല്ലാത്തതിനാൽ കീഴല്ലൂർ സെക്ഷൻ എഇ ക്കാണ് നിലവിൽ ചുമതല. വെള്ളം ലഭിക്കുന്നില്ലെങ്കിലും ഉപഭോക്താക്കൾ പ്രതിമാസ മിനിമം ചാർജായ 320 രൂപ അടയ്ക്കേണ്ടതുണ്ട്.
ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ ജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി വാട്ടർ അഥോറിറ്റി ഓഫീസിലേക്ക് മാർച്ചും പ്രത്യക്ഷ സമര പരിപാടികളും സംഘടിപ്പിക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കളും ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകി.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. കന്നനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായ മഹാരാജൻ ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ഒരു ആഴ്ചയായി കുടിവെള്ള വിതരണം ക്രമമായി നടക്കാത്തതിൽ പ്രതി പ്രകോപിതനായിരുന്നു.
കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ച ആളുകളുമായി പഞ്ചായത്ത് പ്രസിഡന്റായ മഹാരാജൻ ചർച്ച നടത്തുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് പ്രതി മഹാരാജനെ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹാരാജൻ പിന്നീട് മരണത്തിന് കീഴടങ്ങി.സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
District News
കൊച്ചി: ഒരു മാസത്തിലേറെയായി കുടിവെള്ളം മുടങ്ങിയതോടെ ചേരാനെല്ലൂർ പഞ്ചായത്തിലെ ചിറ്റൂർ മേഖലയിലെ കുടുംബങ്ങൾ ദുരിതത്തിൽ. ജോലിക്കും സ്കൂളുകളിലേക്കും പോകാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. പാചകം ചെയ്യാൻപോലുമുള്ള വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. പതിവായി ലഭിച്ചിരുന്ന കുടിവെള്ള വിതരണം തടസപ്പെട്ടതോടെ വലിയ വില നൽകി വെള്ളം വാങ്ങേണ്ട സാഹചര്യമാണ്. ആവശ്യം വർധിച്ചതോടെ ടാങ്കർ ലോറിയിലുള്ള വെള്ളവും കിട്ടാക്കനിയായി.
വീട്ടാവശ്യങ്ങൾക്കും പാചകത്തിനും കുടിക്കാനുമുള്ള വെള്ളം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുട്ടികളും വയോധികരുമടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. എച്ച്എംസിഎ, വയലാർ വള്ളാശേരി വാർഡുകളിലാണ് കുടിവെള്ളം തീരെയില്ലാത്തത്.
അമൃത ആശുപത്രിക്ക് സമീപത്തെ ടാങ്കിൽ നിന്നും പച്ചാളം ഓവർഹെഡ് ടാങ്കിൽ നിന്നുമാണ് ചേരാനെല്ലൂർ പഞ്ചായത്തിലെ വാർഡുകളിലേക്ക് വെള്ളം എത്തുന്നത്. രണ്ടിടത്ത് നുന്നുമുള്ള അവസാന പോയിന്റാണ് ഈ വാർഡുകൾ. പമ്പിംഗ് കുറഞ്ഞതോടെ ഇവിടെ എത്തുന്നതിന് മുൻപേ വെള്ളം തീരും. ജലവിതരണം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ നാട്ടുകാർ സമീപിച്ചെങ്കിലും പ്രശ്നത്തിന് ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പറായ സുരേഷ് ബാബു പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. എടയക്കുന്നം, വാലം, വില്ലേജ് ഓഫീസ് വാർഡുകളിൽ ഭാഗീകമായി മാത്രമേ വെള്ളം എത്തുന്നുള്ളൂ.
കുടിവെള്ളക്ഷാമം വ്യാപിച്ചതോടെ എല്ലായിടത്തും ടാങ്കർലോറികൾക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. ടാങ്കർലോറികൾക്ക് നൽകേണ്ട പ്രതിഫലം കുടിശിഖയാണ്. പണം നൽകാതെ വെള്ളം നൽകില്ലെന്ന നിലപാടിലാണ് ടാങ്കർലോറി ഉടമകളും.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ ജലഅഥോറിറ്റിയോടും ജില്ലാ ഭരണകൂടത്തോടും പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ തടസമില്ലാതെ ടാങ്കർ വെള്ളം എത്തിക്കണമെന്നും സ്ഥിരമായ കുടിവെള്ള വിതരണ സംവിധാനം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
District News
തലയോലപ്പറമ്പ്: വെള്ളൂർ ജലശുദ്ധീകരണശാലയിൽനിന്നും വെട്ടിക്കാട്ടുമുക്കിലെ ഓവർഹെഡ് ടാങ്കിലേക്ക് ആവശ്യത്തിന് വെള്ളമെത്താതായതോടെ വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മറവൻതുരുത്ത്,തലയോലപ്പറമ്പ്, വെച്ചൂർ,തലയാഴം, ടിവിപുരം പഞ്ചായത്തുകളിലും, വൈക്കം നഗരസഭ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
ഇതേ തുടർന്ന് കെ. ബിനിമോൻ എംഎൽഎ വാട്ടർ അഥോറിറ്റി ഓഫീസിൽ കഴിഞ്ഞ ദിവസമെത്തി കുത്തിയിരിപ്പ് നടത്തിയിരുന്നു. മാസങ്ങൾക്കു മുമ്പ് വെള്ളൂർ പമ്പ് ഹൗസിൽ വൈക്കത്തേക്കുള്ള മോട്ടോറുകൾ കൃത്യമായി പ്രവർത്തിക്കാത്തത് കുടിവെള്ള വിതരണം താറുമാറാക്കിയിരുന്നു. തുടർന്ന് എംഎൽഎ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച കഴിഞ്ഞ് കുറച്ചുനാളുകളിൽ കൃത്യമായി കുടിവെള്ള വിതരണം നടന്നിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു.
ഓണക്കാലത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ അധികൃതർ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മല്ലപ്പള്ളി: പ്രളയത്തോടനുബന്ധിച്ച് മലിനമായ മല്ലപ്പള്ളി പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വറ്റിച്ചു വൃത്തിയാക്കി രോഗാണു വിമുക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സാബു പറഞ്ഞു. ഇതിനായി രൂപീകരിച്ച കർമസേന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, ഹരിതകർമ സേന, തൊഴിലുറപ്പ് എന്നിവരെ യോജിപ്പിച്ചാണ് കർമസേനയ്ക്കു രൂപം നൽകിയത്. പഞ്ചായത്തിനെ രണ്ട് മേഖലകളായി തിരിച്ച് പ്രളയദുരിതം കൂടുതൽ ബാധിച്ച മേഖലയ്ക്ക് മുൻതൂക്കം നൽകും. എട്ട് വാർഡുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 385 വീടുകളിലും നൂറിലധികം കടകളിലും വെള്ളം കയറുകയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് മല്ലപ്പള്ളി പഞ്ചായത്തിൽ ഉണ്ടായത്. വ്യാപകമായ കൃഷിനാശവും ഉണ്ടായി. നിരവധി റോഡുകളും, കലുങ്കുകളും താറുമാറായി. ഇവ പുനർനിർമിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്. പാർഥൻ, അനു എബി വർഗീസ്, ജീന കെ. ചാക്കോ, ഷൈനി ഫിലിപ്പ്, പ്രകാശ്കുമാർ വടക്കേമുറി, സോഫി ജോജോ, പി.ഡി. തങ്കമ്മ, സണ്ണി ജോൺസൻ, റീന യുഗേഷ്, ജേക്കബ് റ്റി. കുഴുവേലിൽ, അനിത പി. മാത്യു, പി.ആർ. മിനികുമാരി, സന്തോഷ് ചാമക്കാല, സെക്രട്ടറി എൻ. സുനിൽകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ രജനി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അപർണ എന്നിവർ പ്രസംഗിച്ചു.
District News
തൊടുപുഴ: ആയിരക്കണക്കിന് ജനങ്ങള് കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മലങ്കര ജലാശയത്തില് വ്യാപകമായി രാസ ലായനി പരന്നുകിടക്കുന്നതായി കണ്ടെത്തിയതോടെ പ്രദേശവാസികള് ആശങ്കയിലായി. ഇന്നലെ രാവിലെയാണ് വെള്ളത്തിനു മുകളിലായി പാടപോലെ ലായനി കണ്ടത്. വിവരമറിഞ്ഞതോടെ ഒട്ടേറെപ്പേര് കോളപ്ര പാലത്തിലും ജലാശയത്തിനു സമീപവും തടിച്ചു കൂടി. ജനപ്രതിനിധികളും സ്ഥലത്തെത്തി.
രാവിലെ കുടയത്തൂര്, വയനക്കാവ് മേഖലയില് കണ്ടെത്തിയ രാസലായനി പിന്നീട് മുട്ടം ഭാഗത്തേക്കും വ്യാപിച്ചു. ഈ മേഖലയിലെല്ലാം ജനങ്ങള് കുളിക്കാനും ദൈനംദിന ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്നത് മലങ്കര ജലാശയത്തിലെ വെള്ളമാണ്. കൂടാതെ വിവിധ പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതികളും ഇതില് സ്ഥിതിചെയ്യുന്നുണ്ട്.
വെള്ളിയാമറ്റത്ത് പ്രവര്ത്തിക്കുന്ന സ്വകാര്യ കമ്പനിയില്നിന്നാണ് രാസലായനി ജലാശയത്തിലേക്ക് ഒഴുകിയെത്തുന്നതെന്ന് കരുതുന്നു. നാട്ടുകാര് അറിയിച്ചതനുസരിച്ച് വിവിധ വകുപ്പുകളിലെ അധികൃതര് സംഭവസ്ഥലം സന്ദര്ശിച്ചു.
വെള്ളിയാമറ്റം പഞ്ചായത്തില് പ്രവര്ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനികള് സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാതെയാണ് പ്രവര്ത്തിക്കുന്നതെന്ന് പരാതി നേരത്തേ ഉയര്ന്നിരുന്നു. കമ്പനിക്ക് സമീപമുള്ള വടക്കനാറിലേക്ക് മാലിന്യങ്ങള് തള്ളിവിടുന്നതായി നിരവധി പരാതികളും നാട്ടുകാര് ഉന്നയിച്ചിരുന്നു. എന്നാല് കമ്പനിക്കെതിരേ നടപടി സ്വീകരിക്കാന് അധികൃതര് മടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
പൊലൂഷന് കണ്ട്രോള് ബോര്ഡ് അധികൃതരും വാട്ടര് അഥോറിറ്റി അധികൃതരും വെള്ളത്തിന്റെ സാമ്പിള് ശേഖരിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തില് പ്രവര്ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് വെള്ളിയാമറ്റം പഞ്ചായത്ത് അധികൃതര് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ട്. ഈ ഫാക്ടറിയില് നിന്നാണ് രാസമാലിന്യം മലങ്കര ജലാശയത്തിലേക്ക് എത്തിയതെന്നു പറയുന്നു.
District News
പുല്പ്പള്ളി: ഗ്രാമീണ മേഖലയിലെ ഓരോ വീടുകളിലും ടാപ് കണക്ഷന് വഴി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്ക്കാര് നടപ്പാക്കിയ ജല്ജീവന് മിഷന് കുടിവെള്ളപദ്ധതി മുള്ളന്കൊല്ലി പഞ്ചായത്തില് പാതിവഴിയില് നിലച്ചെന്ന് സാമൂഹ്യ പ്രവര്ത്തകനായ രാജന് പാറക്കല്.
കേരള ജലഅഥോറിറ്റി 53.10 കോടി ചെലവില് 77.6 കിലോമീറ്റര് വിതരണശൃംഖലയിലൂടെ പഞ്ചായത്തിലെ 4,600 വീടുകളില് കുടിവെള്ളകണക്ഷനുകള് നല്കാനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2022 ഒക്ടോബറില് തുടങ്ങി 2024മാര്ച്ചില് പൂര്ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല് മൂവായിരത്തിലധികം കണക്ഷനുകളെ നല്കിയിട്ടുള്ളൂ. അപേക്ഷകൊടുത്ത പലര്ക്കും കണക്ഷന് കൊടുക്കാനുമുണ്ട്.
പദ്ധതി പൂര്ത്തീകരിക്കേണ്ട സമയപരിധിയും അതിന്റെ പരിപാലന കാലാവധിയായ രണ്ട് വര്ഷവും കഴിഞ്ഞിട്ടും പദ്ധതിയുടെ പ്രവര്ത്തനം എങ്ങും എത്തിയിട്ടില്ല. മരക്കടവില് നിര്മിച്ച പമ്പ്ഹൗസില് വൈദ്യുതികണക്ഷനും ലഭിച്ചിട്ടില്ല. പാടിച്ചിറയിലുള്ള വിതരണ ടാങ്കിന്റെയും പണി പൂര്ത്തീകരിക്കാനുണ്ട്. പൈപ്പിടല് പോലും പൂര്ത്തീകരിക്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൂര്ത്തീകരിച്ച പണികള് സംബന്ധിച്ചും ആക്ഷേപങ്ങള് നിലനില്ക്കുന്നുണ്ട്.
പദ്ധതി പാതിവഴിയില് നിലച്ചതോടെ കോടികള് ചെലവഴിച്ച ഉപകരണങ്ങള് തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. വരള്ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്തായിട്ടുകൂടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി ഇടപെടുന്നില്ല. ഈ പദ്ധതി വേഗത്തില് പൂര്ത്തീകരിച്ച് ജനങ്ങള്ക്ക് പ്രയോജനപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
ആലപ്പാട്: അഴീക്കലിലെ ഒന്നുമുതല് നാലുവരെയുള്ള വാര്ഡുകളില് സര്ക്കാരും പഞ്ചായത്തും കൊണ്ടുവന്ന ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളൊന്നും പ്രായോഗികമായില്ലെന്നു നാട്ടുകാര്. കുടിവെള്ളത്തിനായി പരമ്പരാഗതരീതിയില് മഴവെള്ളം ശേഖരിച്ചും കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയുമാണ് പ്രദേശവാസികള് ഗാര്ഹികാവശ്യങ്ങള് നിറവേറ്റുന്നത്.
അഴീക്കല് രണ്ടാംവാര്ഡിലെ ഇടച്ചിറ തുരുത്തിലെ വീട്ടുകാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ആലപ്പാട് പഞ്ചായത്തിലെ വടക്കേയറ്റത്തെ അഞ്ച് വാര്ഡുകള് ഉള്പ്പെടുന്നതാണ് അഴീക്കല് ഗ്രാമം. 30 കൊല്ലംമുന്പ് ഇവിടെ സ്ഥാപിച്ച രണ്ട് കുഴല്ക്കിണറും നിലവില് പ്രവര്ത്തനക്ഷമമല്ല. കിഴക്കും വടക്കും കായല്, പടിഞ്ഞാറ് കടലുമായി ചേര്ന്നുകിടക്കുന്ന മുനമ്പാണിത്.
സുനാമി പുനര് നിര്മാണവുമായി ബന്ധപ്പെട്ട് കോടികള് ചെലവഴിച്ച് കമ്മീഷന് ചെയ്ത ഓച്ചിറ കുടിവെള്ള പദ്ധതി പൂര്ണ പരാജയമാണെന്നാണ് പ്രദേശവാസികള് പറയുന്നത്. അച്ചന്കോവിലാറ്റില് മാവേലിക്കര കണ്ടിയൂര്ക്കടവില്നിന്നാണ് ഓച്ചിറ കുടിവെള്ളപദ്ധതിയിലേക്ക് ജലം വിതരണം ചെയ്യുന്നത്. ഓച്ചിറ മേമനയില് സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റിലേക്കെത്തുന്ന ജലം അവിടെനിന്നു ശുദ്ധീകരിച്ചശേഷം ക്ലാപ്പന പഞ്ചായത്ത്, കരുനാഗപ്പള്ളി നഗരസഭ, ആലപ്പാട് സെന്റര് എന്നിവിടങ്ങളില് സ്ഥാപിച്ച ഓവര്ഹെഡ് ടാങ്കുകളിലേക്കെത്തും. കരുനാഗപ്പള്ളി നഗരസഭയുടെ പടിഞ്ഞാറന് മേഖലയിലും ക്ലാപ്പനയുടെ വിവിധ മേഖലകളിലും കുടിവെള്ളം കൃത്യമായി എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.
എന്നാല് പമ്പിംഗിലെ മര്ദക്കുറവുമൂലം ആലപ്പാട് സെന്ററില് സ്ഥാപിച്ച ഓവര്ഹെഡ് ടാങ്കില്നിന്നു ജലം, വടക്കന് മേഖലയായ അഴീക്കലിലെ വാര്ഡുകളിലെത്തുന്നില്ല. അഴീക്കലിലെ ജനങ്ങള് നേരിടുന്നപ്രധാനപ്രശ്നത്തിന് ശാശ്വതമായ പരിഹാരത്തിനായി സംസ്ഥാന സര്ക്കാര് ഒരു പദ്ധതിയും ഇതേവരെ ആസൂത്രണംചെയ്ത് നടപ്പാക്കാത്തതാണ് അഴീക്കല് ഗ്രാമം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി.
District News
ആറന്മുള: പ്രളയബാധിത മേഖലകളിൽ കുടിവെള്ളക്ഷാമം. കിണറുകളിൽ പ്രളയജലം കയറി മലിനപ്പെട്ടതോടെയാണ് ജലക്ഷാമം രൂക്ഷമായത്. ജലഅഥോറിറ്റിയുടെ പന്പ് ഹൗസുകളിൽനിന്നുള്ള പന്പിംഗും നിലച്ചിരിക്കുകയാണ്. നദികളിൽനിന്നുള്ള പ്രളയജലം കയറി കുടിവെള്ളസ്രോതസുകൾ മലിനപ്പെടുകയും ചെളി കയറി പന്പിംഗ് തടസപ്പെടുകയും ചെയ്തു.
സന്നദ്ധ സംഘടനകൾ നൽകുന്ന കുപ്പിവെള്ളമാണ് പലയിടത്തും കുടിവെള്ളമായി ഉപയോഗിക്കുന്നത്. ദുരിതാശ്വാസ ക്യാന്പുകളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ട്. മലിനപ്പെട്ട കിണറുകൾ വറ്റിച്ച് ക്ലോറിനേഷൻ നടത്തി മാത്രമേ ഇനി ഉപയോഗിക്കാനാകൂ. വെള്ളക്കൂടുതൽ കാരണം നിലവിൽ കിണർ വറ്റിക്കാനുമാകില്ല.
സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുകിയതും പരിസര മലിനീകരണം രൂക്ഷമാക്കിയിട്ടുണ്ട്. ഇത് കിണർ ജലവുമായി കൂടിക്കലർന്നതും സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. പ്രളയബാധിത മേഖലകളിൽ ആരോഗ്യ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
അയിരൂരിൽ കനത്ത നഷ്ടം
കോഴഞ്ചേരി: വെള്ളപ്പൊക്കം അയിരൂര് പഞ്ചായത്തില് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏഴ് മുതൽ 15 വരെ വാര്ഡുകളിലായി 260 ഓളം വീടുകളിലായി 800ലധികം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അതോടൊപ്പം നിരവധി വ്യാപാര സ്ഥാപനങ്ങള്ക്കും കനത്ത നാശനഷ്ടമുണ്ടായി. ഇടപ്പാവൂര് ക്ഷേത്രത്തിനും നാശനഷ്ടം സംഭവിച്ചു.
ഇടപ്പാവൂരിലെ റേഷന് കടയില് വെള്ളം കയറി റവ, അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങള് ഉപയോഗശൂന്യമായി. വ്യാപാരികള്ക്കുണ്ടായ നഷ്ടം ലക്ഷക്കണക്കിന് രൂപയുടേതാണ്. മരങ്ങള് വീണും നിരവധി വീടുകള്ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അയിരൂര് - കാഞ്ഞീറ്റുകര കുടിവെള്ള വതണ പദ്ധതിയിലും വ്യാപകമായ നഷ്ടം സംഭവിച്ചതുകാരണം അയിരൂര് പഞ്ചായത്തിലെ കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്.
300ല് അധികം കിണറുകളിൽ മാലിന്യം നിറഞ്ഞു. നിരവധി വീടുകളിലെ ഇലക്ട്രിക് സാധനങ്ങള് അടക്കമുള്ള വീട്ടുപകരണങ്ങള്ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കാര്ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ഉണ്ടായ നഷ്ടങ്ങള് കണക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്.
വെള്ളപ്പൊക്കം ബാധിച്ച മുഴുവന് വീടുകളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന പ്രവര്ത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലില് അറിയിച്ചു.
District News
കണ്ണൂർ: പട്ടുവം ജൈക്ക കുടിവെള്ള പദ്ധതിയുടെ കുയിലൂരിലുള്ള കിണറിൽ ചെളി അടിഞ്ഞുകൂടി പമ്പിംഗ് തടസപ്പെട്ടതിനാൽ ഇന്നു മുതൽ ഏഴു വരെ കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന്, പുഴാതി സോണുകളിൽ ഭാഗികമായും വളപട്ടണം, ചിറക്കൽ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും കുടിവെള്ള വിതരണം തടസപ്പെടും.
District News
ഇടുക്കി: ജില്ലയില് കുടിവെള്ള ക്ഷാമം നേരിടുന്ന 44 ഉന്നതികളില് കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന് ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട് നിര്ദേശം നല്കി.
ഭൂജല വകുപ്പ് ,വാട്ടര് അഥോറിറ്റി, ജലനിധി തുടങ്ങിയ വകുപ്പുകള്ക്കാണ് കളക്ടര് നിര്ദേശം നല്കിയത്. ജല്ജീവന് മിഷന് പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷന് പ്രവര്ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ചേര്ന്ന യോഗത്തിലാണ് നിര്ദേശം.
ജല്ജീവന് മിഷന് പ്രവര്ത്തനങ്ങളുടെ പുരോഗതി യോഗത്തില് വിലയിരുത്തി. വാട്ടര് അഥോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജല്ജീവന് മിഷന്റെ നിര്വഹണ ഏജന്സികള്. വാട്ടര് അഥോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴില് 25,509 കണക്ഷനുകള്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില് 23,579 കണക്ഷനുകള്ക്കുള്ള ജോലികള് കരാറുകാരെ ഏല്പ്പിച്ചു. 13,859 കണക്ഷനുകള് പൂര്ത്തിയായി. ഉടുമ്പന്നൂര് പഞ്ചായത്തില് ആറ് ടാങ്കുകളുടെ നിര്മാണം പുരോഗമിക്കുകയാണ്. പമ്പ് സെറ്റിന്റെ നിര്മാണം പൂര്ത്തീകരിക്കാനുണ്ട്.
പൈനാവ് ഡിവിഷനില് 28,381 കണക്ഷനുകള്ക്കാണ് അനുമതി. 18,970 കണക്ഷനുകള്ക്കുള്ള ജോലികള് കരാറുകാരെ ഏല്പ്പിച്ചു. 6761 കണക്ഷനുകളാണ് പൂര്ത്തീകരിച്ചത്. കട്ടപ്പന ഡിവിഷനില് 1,79,829 കണക്ഷനുകള്ക്കാണ് അനുമതി ലഭിച്ചത്. ഇതില് 1,70,309 കണക്ഷനുകളുടെ ജോലികള് കരാറുകാരെ ഏല്പ്പിച്ചു.
13,978 കണക്ഷനുകള് പൂര്ത്തിയായി. കട്ടപ്പന പ്രോജക്ട് ഡിവിഷന്റെ പരിധിയില് 22 ജലശുദ്ധീകരണശാലകളുടെ പ്രവൃത്തികളാണുള്ളത്. ഇതില് മൂന്നെണ്ണം പൂര്ത്തിയായി. 13 എണ്ണം ടെന്ഡര് നടപടികളിലാണ്. ജലനിധിയുടെ കീഴില് 3946 കണക്ഷനുകള്ക്കാണ് അനുമതി ലഭിച്ചത്. ഇതില് 3602 കണക്ഷനുകള് നല്കി.
ഭൂജല വകുപ്പിനു കീഴില് 3937 ഭരണാനുമതിയാണ് ലഭിച്ചത്. ഇതില് ആവശ്യമുള്ള 560 കണക്ഷനുകളില് 485 എണ്ണം പൂര്ത്തിയായി. കരിമണ്ണൂര് പഞ്ചായത്തില് 25 കുടുംബങ്ങള്ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അനുമതി വേഗത്തിലാക്കാന് ഡിഎഫ്ഒയ്ക്ക് നിര്ദേശം നല്കി.
ജില്ലാതല ജല ശുചിത്വ മിഷന് മെംബര് സെക്രട്ടറി ടി.എന്. സജി, പൊതുമരാമത്ത് വകുപ്പ്, ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പ് പുതിയതായി വാങ്ങിയ അത്യാധുനിക കുഴൽ കിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്ളാഗ് ഓഫ് കർമവും ഭൂജല വകുപ്പിന്റെ വിവിധ പ്രോജക്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനവും അന്പലമുക്ക് ജലവിജ്ഞാന ഭവനിൽ ജലവിഭവ മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
പൊതുജനങ്ങളുടെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുതെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലകളിൽ കുറഞ്ഞ ചെലവിൽ കുഴൽ കിണർ നിർമിക്കാനുളള യൂണിറ്റ്, ഡ്രില്ലിംഗ് സാമഗ്രികൾ എത്തിക്കാനുളള ഏഴ് ട്രക്കുകൾ, ഫീൽഡ് പരിശോധനകൾ വേഗത്തിലാക്കാൻ ഒൻപത് എൽഎംവി വാഹനങ്ങൾ എന്നിവയാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് അനുയോജ്യമായ ജലസ്രോതസ് കണ്ടെത്തുന്നതിനായി പൊതുജനങ്ങൾ ഫീസ് അടച്ച 1500 ഓളം അപേക്ഷകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി മോൻസ് ജോസഫ് അടിയന്തര നിർദേശം നൽകി. തീരദേശ മേഖലകൾക്കായി റോട്ടറി, റിഗ്ഗ് യൂണിറ്റുകളും പത്ത് എൽഎംവി വാഹനങ്ങളും വാങ്ങുന്നതിനുള്ള ആറു കോടി രൂപയുടെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
District News
കോരുത്തോട്: പഞ്ചായത്തിന്റെ ചകിരിമേട്ടിൽ കുടിവെള്ളം കിട്ടാക്കനി. പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ. ആദിവാസി വിഭാഗത്തിൽപ്പെട്ടവരും പാവപ്പെട്ടവരുമായ ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് ചകിരിമേട്. വിവിധ പദ്ധതികളിൽപ്പെടുത്തി സർക്കാർ പുനരധിവസിപ്പിച്ച കുടുംബങ്ങളാണ് ഇവിടെ അതിവസിക്കുന്നത്. 2001 മുതൽ ഇവിടെ താമസിക്കുന്ന 17 കുടുംബങ്ങളും ഭൂരഹിത കേരളം പദ്ധതിയിൽ മൂന്നു സെന്റ് സ്ഥലം വീതം ലഭിച്ച നാലു കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്.
എന്നാൽ, ഇവിടത്തെ കുടുംബങ്ങൾ കുടിവെള്ളത്തിനായി വലയുകയാണ്. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ കിണറുകളില്ല. മേഖലയിലേക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതും കലങ്ങിയ വെള്ളമാണ് ലഭിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. വാട്ടർ അഥോറിറ്റിയുടെ 116ൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിൽനിന്നുമാണ് ഇവർക്ക് കുടിവെള്ളം എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് മുടങ്ങുന്നതാണ് പ്രശ്നത്തിന് കാരണം.
ജലനിധി പദ്ധതി നടപ്പാക്കിയപ്പോൾ പ്രദേശത്തിനു വേണ്ട ഒരു ക്രമീകരണങ്ങളും ചെയ്യാതിരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ 800 രൂപ വരെ മുടക്കി ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളത്തെയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ ആശ്രയിക്കുന്നത്. വീട് നൽകിയത് ഒഴിച്ചാൽ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ട്രൈബൽ ഡിപ്പാർട്ട്മെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബോധപൂർവം വൈകിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ട് യാതൊരു പ്രയോജനവും ഇല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ അവഗണനയ്ക്കെതിരേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
District News
കുമരകം: കുമരകത്ത് വർഷങ്ങളായി നിലനില്ക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നാട്ടകം സുരേഷ് എംഎൽഎ യോഗം വിളിച്ചു. കുമരകം പഞ്ചായത്തിൽ ഇന്നലെ നടത്തിയ യോഗത്തിൽ പഞ്ചായത്ത് ഭരണസമതി അംഗങ്ങൾ, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.കുടിവെള്ളം മുടങ്ങുന്നതിനുണ്ടാകുന്ന പ്രധാന കാരണങ്ങൾ എംഎൽഎ യോട് യോഗത്തിൽ പങ്കെടുത്തവർ വിശദീകരിച്ചു.
നിരന്തരം ഉണ്ടാകുന്ന പ്രധാന പൈപ്പുലൈനിലെ തകരാർ, കോണത്താറ്റു പാലത്തിനു സമീപം തോട്ടിലിട്ടിരിക്കുന്ന പൈപ്പുലൈൻ മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ ഉടൻ നടത്തണമെന്ന് എംഎൽഎ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മങ്കുഴി പ്രദേശത്തുനിന്നെത്തിയവർ ചുള ഭാഗം പാലത്തിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
എംഎൽഎയെ കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണു മണി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
District News
പട്ടിക്കാട്: പള്ളിക്കണ്ടത്ത് കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ തകർന്നു കുടിവെള്ളം പാഴാകുന്നു.
വാരിയത്തുപടിയിൽനിന്നു കൂട്ടാല റോഡിലേക്കു പോകുന്ന പൈപ്പ് ലൈൻ തകർന്ന് റോഡിലേക്കാണു വെള്ളം അതിശക്തമായി പതിക്കുന്നത്. ഇതോടെ കാൽനടയാത്രികർക്കും ഇരുചക്രവാഹനം ഉൾപ്പെടെയുള്ളവർക്കും ഇതുവഴി യാത്ര ദുഷ്കരമായി.
പൈപ്പ് ലൈൻ തകർന്നത് നിരവധിതവണ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറായില്ലെന്ന് വാർഡ് മെന്പർ ജിജി എം. മാധവൻ കുറ്റപ്പെടുത്തി. തൃശൂർ നഗരത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും ആവശ്യമായ കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈനാണു തകർന്നത്. അറ്റകുറ്റപ്പണി നടത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജിജി എം. മാധവൻ ആവശ്യപ്പെട്ടു.
District News
കാഞ്ഞിരപ്പുഴ: കുട്ടികൾക്ക് കുടിവെള്ള സംവിധാനമൊരുക്കി വിരമിച്ച അധ്യാപിക. പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്കായി പ്രത്യേക കുടിവെള്ള സംവിധാനം തയാറായി. ഈ വർഷം ഒൗദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച എസ്. ശോഭ ടീച്ചറാണ് തന്റെ അവസാന മാസത്തെ ശന്പളം കുട്ടികൾക്ക് ശുദ്ധജല സൗകരമൊരുക്കാനായി വിനിയോഗിച്ചത്.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ് ഓലിക്കൽ, പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി ഫിറോസ് എം. ഷഫീഖ്, ഡോ.എം. രാധാമണി, പ്രിൻസിപ്പൽ പി. സന്തോഷ്കുമാർ, പ്രധാനാധ്യാപിക ടി. സബിത, പിടിഎ പ്രസിഡന്റ് പി.ജയരാജൻ, വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൾ ലത്തീഫ്, എംപിടിഎ പ്രസിഡന്റ് വിസ്മി ഷിന്റോ, അധ്യാപകരായ ദിവ്യ അച്യുതൻ, മൈക്കിൾ ജോസഫ്, പി.എ. അജയ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
രാമങ്കരി: കുട്ടനാട്ടിലെ രാമങ്കരി, പുളിങ്കുന്ന്, കാവാലം, ചന്പക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയതോടെ കുടിവെള്ളം മുട്ടി കുട്ടനാട്ടുകാർ. ദിവസവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ മണലാടി ജെട്ടി മുതൽ രാമങ്കരി ജെട്ടി വരെ നീളുന്ന റോഡ്, വെളിയനാട് കടത്തുകടവ് മുതൽ മുലേശേരി വരെ നീളുന്ന റോഡ് എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ പൈപ്പുകളാണ് പൊട്ടിമാസങ്ങളായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.
പന്പിംഗില്ലാത്ത ദിവസങ്ങളിൽ പ്രദേശത്തെ ചെളി നിറഞ്ഞ വെള്ളം ഈ പൈപ്പുകളിലേക്ക് തിരിച്ചു കയറുകയും വീണ്ടും പന്പിംഗ് ആരംഭിക്കുന്പോൾ ഹൗസ് കണക്ഷനുകളിലുൾപ്പെടെ മലിനജലം വ്യാപിക്കുന്നതിനാൽ ഒരുതരത്തിലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്നും ഇവർ പറയുന്നു.
പുഞ്ചകൃഷിക്കുശേഷം പാടശേഖരങ്ങൾ തരിശുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വിളവെടുപ്പിനുശേഷമുള്ള വൈക്കോലും മറ്റും ചീഞ്ഞ് മലിനജലം വലിയ തൂന്പുകളിലൂടെയും മോട്ടോറിന്റെ പെട്ടിമടകളിലൂടെയും പുറത്തേക്കൊഴുകി പൊതുജലാശയങ്ങൾ മലിനപ്പെടുന്ന സ്ഥിതിയാണ്. അതിനാൽ പൊതുജലാശയങ്ങളിലെ വെള്ളം പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു പോലും വെല്ലുവിളിയായിട്ടുണ്ട്.
പൈപ്പുകളുടെ അറ്റുകുറ്റപ്പണിയും മറ്റും കാലങ്ങളായി വാട്ടർ അഥോറിറ്റി സ്വകാര്യ ഏജൻസികളെയാണ് ഏല്പിച്ചിരിക്കുന്നത്. ഇവർ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താറില്ലെന്നു മാത്രമല്ല, പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലും മാറ്റി സ്ഥാപിക്കാനും തയാറാകാറില്ല. ഇത് മിക്കയിടത്തും പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതിന് കാരണമാകുകയാണ്.
District News
കൊച്ചി: സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഷിഗല്ല ഉള്പ്പെടെയുള്ള വയറിളക്ക രോഗങ്ങള് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ശുചിത്വ മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം.
ജില്ലയില് ഭക്ഷണപാനീയ ശുചിത്വത്തില് പൊതുജനങ്ങളും ആഹാര പദാര്ഥങ്ങള് തയാറാക്കി വിതരണം ചെയ്യുന്നവരും ഹോട്ടലുകള് ഉള്പ്പെടെയുള്ള ഭക്ഷണശാലകളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.
രോഗലക്ഷണങ്ങള് ഉള്ളവര് ആഹാര പദാര്ഥങ്ങള് കൈകാര്യം ചെയ്യാന് പാടില്ല. പകര്ച്ച വ്യാധികള്ക്ക് ഇടയാക്കുന്ന രീതിയില് ആഹാര പദാര്ഥങ്ങള് കൈകാര്യം ചെയ്യുന്നത് ശിക്ഷാര്ഹമായ കുറ്റമാണെന്നും ഡിഎംഒയുടെ മുന്നറിയിപ്പില് വ്യക്തമാക്കുന്നു.
കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക
കുടിക്കാന് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
തിളപ്പിച്ച വെള്ളത്തില് യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേര്ത്ത് ഉപയോഗിക്കരുത്.
കിണര് വെള്ളം ഉപയോഗിക്കുന്നവര് ആരോഗ്യ പ്രവര്ത്തകരുടെ നിര്ദേശപ്രകാരം ബ്ലീച്ചിംഗ് പൗഡര് ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാന് ഉപയോഗിക്കാവൂ.
ശുചിത്വം മസ്റ്റ്
ആഹാരപാനീയങ്ങള് തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ശുചിത്വ കാര്യങ്ങളില് പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം തയാറാക്കുന്നതിന് മുമ്പും ശൗചാലയങ്ങള് ഉപയോഗിച്ച ശേഷവും കൈകള് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ആഹാര പദാര്ഥങ്ങള് തുറന്നു വയ്ക്കരുത്. പഴകിയ ഭക്ഷണപദാര്ഥങ്ങള് പൂര്ണമായും ഒഴിവാക്കുക. ചൂടുള്ള ഭക്ഷണം മാത്രം തയാറാക്കി നല്കാന് ശ്രദ്ധിക്കുക.
ഹോട്ടലുകള്, കാന്റീനുകള്, മറ്റ് ഭക്ഷണശാലകള്, സ്കൂളുകള്, അങ്കണവാടികള് തുടങ്ങി ആഹാരപദാര്ഥങ്ങള് പാകം ചെയ്തു വിതരണം ചെയ്യുന്ന എല്ലാവര്ക്കും നിര്ബന്ധമായും ഹെല്ത്ത് കാര്ഡ് ഉണ്ടായിരിക്കണം.
കിണര് ക്ലോറിനേറ്റ് ചെയ്ത തീയതി, ഫില്ട്ടറുകള് സര്വീസ് ചെയ്ത വിവരങ്ങള് എന്നിവ പ്രദര്ശിപ്പിക്കണം. ആഹാരപദാര്ഥങ്ങള് കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ വ്യക്തി ശുചിത്വം ഉറപ്പാക്കണം.
District News
കോതമംഗലം: ഭൂതത്താൻകെട്ട് ഡാം തുറക്കുമ്പോൾ കവളങ്ങാട്, കുട്ടമ്പുഴ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പെരിയാർവാലി ഇറിഗേഷൻ വിഭാഗത്തിന്റെയും കേരള വാട്ടർ അഥോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ചേർന്നു.
ഡാം തുറക്കുന്ന സാഹചര്യങ്ങളിൽ പമ്പ് ഹൗസിൽ ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് കുടിവെള്ള വിതരണ തടസത്തിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. ഭൂതത്താൻകെട്ട് ഡാമിൽ ആവശ്യമായ തോതിൽ വെള്ളം സംഭരിച്ച് പമ്പ് ഹൗസിലേക്കുള്ള പമ്പിംഗ് സുഗമമാക്കുന്ന സംവിധാനം ഒരുക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. വിഷയത്തിൽ കേരള വാട്ടർ അഥോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും ഉദ്യോഗസ്ഥർ വിശദമായ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
തുടർന്ന് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഡിടിപിസി എറണാകുളം ജില്ലാ സെക്രട്ടറി ലിജോ ജോസ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. മുൻമന്ത്രിയും എംഎൽഎയും ആയിരുന്ന ടി.യു. കുരുവിളയുടെ കാലത്തെ വിഭാഗം ചെയ്ത പല പദ്ധതികളും കഴിഞ്ഞ 10 വർഷക്കാലമായി തുടർപ്രവർത്തനങ്ങളില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഭൂതത്താൻകെട്ട് സന്ദർശിച്ചത്. നിരവധി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ അവഗണിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.
ഭൂതത്താൻകെട്ടിലെ എല്ലാ ടൂറിസം പദ്ധതികളും അടിയന്തരമായി നവീകരിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്ന് എംഎൽഎ അറിയിച്ചു. ഓണത്തിന് മുമ്പ് തന്നെ ഭൂതത്താൻകെട്ട് പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും നിലവിലെ സന്ദർശന സമയം വൈകിട്ട് ആറ് വരെയെന്നത് കൂടുതൽ സമയം നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഭൂതത്താൻകെട്ടിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തെ വികസനത്തിനും തൊഴിൽ സാധ്യതകൾക്കും പുതിയ വഴി ഒരുക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ വ്യക്തമാക്കി.
District News
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി-കുന്നത്തൂര് സംയോജിത കുടിവെള്ളപദ്ധതിയുടെ നിര്മാണം പലയിടത്തും നിലച്ചു. കല്ലടയാറിലെ ഞാങ്കടവില് നിന്നുള്ള വെള്ളം ഐവര്കാല അമ്പുവിളയില് നിര്മിക്കുന്ന ശുദ്ധീകരണശാലയില് എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.
കരുനാഗപ്പള്ളി, കുന്നത്തൂര് താലൂക്കുകളിലെ ആറ് പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളില് ജലസംഭരണിയും വീടുകളില് കണക്ഷനുകള് നല്കാന് പൈപ്പ് ലൈനുകളും സ്ഥാപിക്കും.
കരുനാഗപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലും ജലസംഭരണികളുടെ നിര്മാണം പാതിവഴിയിലാണ്. ജലസംഭരണിയുടെ നിര്മാണവും പൈപ്പ് ലൈനുകള് സ്ഥാപിക്കുന്നതുമായ പ്രവൃത്തികള് തൊടിയൂര് പഞ്ചായത്തില് ഒന്നുമായിട്ടില്ല.
കുലശേഖരപുരം പഞ്ചായത്തില് പലയിടത്തും പൈപ്പുകള് സ്ഥാപിച്ചെങ്കിലും ജലസംഭരണിയുടെ നിര്മാണവും പ്രധാന പൈപ്പ് ലൈന് സ്ഥാപിക്കലും ആരംഭിച്ചിട്ടില്ല. തഴവ പഞ്ചായത്തില് പദ്ധതിക്കായുള്ള പൈപ്പ് സ്ഥാപിക്കല് പ്രവൃത്തികള് പകുതി വഴിയിലാണ്. സ്ഥാപിക്കാനായി പലയിടത്തും പൈപ്പുകള് ഇറക്കി വച്ചിരിക്കുകയാണ്.
പൈപ്പ് ലൈനുകള് സ്ഥാപിക്കാനായി റോഡുകള് കുഴിച്ചശേഷം ടാര് ചെയ്യാതെ കിടക്കുകയാണ്. ഇത് നാട്ടുകാര്ക്കിടയില് എതിര്പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കുഴിച്ച ഭാഗം ടാര് ചെയ്യാന് ജല്ജീവന് മിഷന് അതത് തദ്ദേശ സ്ഥാപനങ്ങള്ക്ക് ഫണ്ട് കൈമാറണം.
ആദ്യഘട്ടമായി ഏതാനും പഞ്ചായത്തുകള്ക്ക് ഫണ്ട് കൈമാറുകയും ചെയ്തു. എന്നാല് മഴ തുടങ്ങിയതോടെ വീണ്ടും ടാര് ചെയ്യാന് കഴിയാത്ത സാഹചര്യത്തിലായി.
നബാര്ഡിന്റെ 65.50 കോടിയും ജല്ജീവന് മിഷന്റെ 415.57 കോടിയും ഉള്പ്പെടെ 481.07 കോടിയുടെ പദ്ധതിക്കാണ് സംഭരണി നിര്മിക്കുന്നത്.
വെള്ളം കൊണ്ടുപോകാനായി 10.90 കിലോമീറ്റര് പൈപ്പ് ലൈന് സ്ഥാപിക്കേണ്ടതുണ്ട്. നിര്മാണ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചെങ്കിലും ജലസംഭരണിയുടെ നിര്മാണം നിലച്ചിരിക്കുകയാണ്. കുലശേഖരപുരത്ത് സംഘപ്പുരമുക്ക് മഹാരാഷ്ട്ര നഗറിനു സമീപമാണ് ഉപരിതല ജലസംഭരണി നിര്മിക്കുന്നത്.
17.30 ലക്ഷം ലിറ്റര് ശേഷിയുള്ളതാണ് ഇവിടെ നിര്മിക്കുന്ന ജലസംഭരണി. 3.46 ലക്ഷം ലിറ്റര് ശേഷിയുള്ള ഭൂഗര്ഭ ജലസംഭരണിയും നിര്മിക്കും.
6.25 കിലോമീറ്റര് പൈപ്പ് ലൈനും സ്ഥാപിക്കണം. ഇവയുടെ നിര്മാണപ്രവര്ത്തനങ്ങളും മന്ദഗതിയിലാണ്. തൊടിയൂരില് പാട്ടുപുരയ്ക്കല് ക്ഷേത്രത്തിനു സമീപമുള്ള സ്ഥലത്ത് ടാങ്ക് സ്ഥാപിക്കാന് തീരുമാനിച്ചെങ്കിലും പ്രവര്ത്തനം തുടങ്ങിയിട്ടില്ല.
Kerala
കൊല്ലം: മാലിന്യം കലര്ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില് നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്.
വെള്ളം കുടിച്ചതിനെ തുടര്ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തമിഴ്നാട്ടില് നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില് നിന്നും വില്പ്പന നടത്തിയത്.
ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള് അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില് വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.
District News
തളിപ്പറന്പ്: ദേശീയപാത നിർമാണ സ്ഥലത്ത് നിന്ന് മഴയ്ക്കൊപ്പം മണ്ണും ചെളിയും കുത്തിയൊഴുകി ജലസ്രോതസുകൾ മലിനമാകുകയും ചെളികാരണം ദുരിതമനുഭവിക്കുന്ന വീട്ടുകാരുടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ തീരുമാനം. ഇന്നലെ തളിപ്പറന്പ് താലൂക്ക് ഓഫീസിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ, ജില്ലാ കളക്ടർ എന്നിവരടക്കം ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
വീട്ടുകാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനൊപ്പം ചെളി അടിയുന്നത് തടയാൻ നടപടികളും സ്വീകരിക്കും. പ്രശ്നം നേരിടുന്ന സിഎച്ച് നഗറിലെ വീടുകളിലോ തെരുവിലോ വീട്ടുമുറ്റത്തോ ഒരു കാരണവശാലും ചെളി എത്താതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ചെയ്യേണ്ടതായ നടപടികൾ പൊതുമരാമത്ത് വകുപ്പ് നിർദേശിക്കും.
കിണറുകളിൽ ചെളി അടിയുന്ന പ്രശ്നത്തിനു പരിഹാരമായി അത്തരം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്താൻ പരിയാരം പഞ്ചായത്തിനോട് നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ദേശീയപാത വികസന നിർമാണം ഏറ്റെടുത്ത കരാർ കമ്പനി വഹിക്കണം.
പ്രശ്നത്തിൽ അപ്പപ്പോൾ ഇടപെടാനും പരിഹാരം കൈക്കൊള്ളാനും പയ്യന്നൂർ, തളിപ്പറമ്പ് തഹസിൽദാർമാർ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ്, പിഡബ്ല്യുഡി (ദേശീയപാത), പിഡബ്ല്യുഡി (റോഡ്) വിഭാഗങ്ങൾ എന്നിവരുൾപ്പെട്ട ദ്രുതകർമസേന (ആർആർടി) രൂപീകരിച്ചു. ആർആർടി എല്ലാ ദിവസവും സംഭവസ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം.
യോഗത്തിന് മുന്നോടിയായി ടി.കെ. ഗോവിന്ദൻ എംഎൽഎ, ജില്ലാ കളക്ടർ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം സിഎച്ച് നഗർ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഇതു സംബന്ധിച്ച വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. വെള്ളക്കെട്ട് പ്രശ്നം നേരിടുന്ന കുറ്റിക്കോൽ മേഖലയിലും സംഘം സന്ദർശനം നടത്തി. കുറ്റിക്കോൽ വെള്ളക്കെട്ട് പ്രദേശവും സന്ദർശിച്ചു.
Kerala
പരവൂർ: പൈപ്പ് ലൈൻ വഴിയുള്ള ശുദ്ധമായ കുടിവെള്ള ലഭ്യത വലിയ വെല്ലുവിളിയായി തുടരുന്ന റെയിൽവേ സ്റ്റേഷനുകളിലും അനുബന്ധ മേഖലകളിലും വായുവിൽനിന്നു വെള്ളം ഉത്പാദിപ്പിക്കുന്ന അത്യാധുനിക സംവിധാനം സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു.
അന്തരീക്ഷത്തിലെ ഈർപ്പത്തിൽനിന്ന് നേരിട്ട് ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കുന്ന അന്തരീക്ഷ ജല ജനറേറ്ററുകൾ (അറ്റ്സ് മോസ്ഫെറിക് വാട്ടർ ജനറേറ്റേഴ്സ്) വിന്യസിക്കാനുള്ള ശ്രമങ്ങളാണു റെയിൽവേ ബോർഡ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജലക്ഷാമം നേരിടുന്നതും ശുദ്ധജല വിതരണം അത്യാവശ്യമായതുമായ സ്ഥലങ്ങൾ അടിയന്തരമായി തിരിച്ചറിയാൻ വിവിധ റെയിൽവേ സോണുകൾ, ഉത്പാദന യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയോടു റെയിൽവേ ബോർഡ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
നൂതനവും പൂർണമായും പരിസ്ഥിതി സൗഹൃദവുമായ ഒരു സാങ്കേതികവിദ്യയാണ് അന്തരീക്ഷ ജല ജനറേറ്ററുകൾ. പരമ്പരാഗത ജലസ്രോതസുകളായ കിണറുകൾ, പുഴകൾ, ഭൂഗർഭ ജലം എന്നിവയെ ആശ്രയിക്കാതെ ചുറ്റുമുള്ള വായുവിനെ ആഗിരണം ചെയ്ത് അതിലെ ഈർപ്പം ഘനീഭവിപ്പിച്ചാണ് ഈ സംവിധാനം കുടിവെള്ളം നിർമിക്കുന്നത്.
തുടർന്ന് വിവിധ ഘട്ടങ്ങളിലെ ഫിൽട്ടറേഷൻ പ്രക്രിയയിലൂടെ ഇതിനെ പൂർണമായും ശുദ്ധമായ കുടിവെള്ളമാക്കി മാറ്റുന്നു. സുസ്ഥിര ജല മാനേജ്മെന്റിനെ പിന്തുണയ്ക്കാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കും.
District News
ഹരിപ്പാട്: സന്നദ്ധ സംഘടനയായ സുകൃതം ഹരിപ്പാടിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കായി ദാഹമുക്തി കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു.ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു.
സുകൃതം ഹരിപ്പാട് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, ജോൺ തോമസ്, അഡ്വ. എം.ബി. സജി, കെ.കെ. സുരേന്ദ്രനാഥ്, ഷംസുദീൻ കായിപ്പുറം, എസ്. ദീപു, എം.പി. പ്രവീൺ,ആർ.വിഷ്ണു, കെ.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: കടുത്ത വേനലില് കുടിവെള്ള ലഭ്യത കുറഞ്ഞതോടെ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട നാട്ടുകാര്ക്ക് എത്തിച്ചു നല്കിയത് ചെളിവെള്ളമെന്ന് പരാതി. കോഴിക്കോട് ഓമശേരി പഞ്ചായത്തിലാണ് പരാതി ഉയര്ന്നിരിക്കുന്നത്. പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളില് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ഇതിനിടെ മൂന്നാം വാര്ഡില് ഉള്പ്പെട്ട അന്ധനാര്കാവ് ഭാഗത്ത് താമസിക്കന്നവര്ക്കാണ് ചെളിവെള്ളം വിതരണം ചെയ്തതായി പരാതി ഉയര്ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില് കുടിവെള്ളം എത്തിച്ചത്. ബക്കറ്റുകളിലും കന്നാസുകളിലുമായി വെള്ളം ശേഖരിച്ച നാട്ടുകാര് കലക്കുനിറഞ്ഞ ചെളിവെള്ളമാണ് കണ്ടത്. ഇതോടെ അധികൃതര്ക്കെതിരേ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്ന്നു.
അമീബിക് മസ്തിഷ്ക ജ്വരംമൂലം കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഒരു നഴ്സ് മരിച്ചിരുന്നു. ഇത്രയും ഗുരുതരമായ സാഹചര്യം നിലനില്ക്കുമ്പോള് പഞ്ചായത്തിന്റെ നേതൃത്വത്തില് ജനങ്ങള്ക്ക് ഉപയോഗിക്കാനായി ചെളിവെള്ളം നല്കിയതിലെ അനാസ്ഥക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധമുണ്ടായത്.
District News
കരൂര്: കരൂർ പഞ്ചായത്തില് കുടിവെള്ളക്ഷാമം മൂലം ജനങ്ങള് വലയുന്നു. കുടിവെള്ളത്തിനായി ജനങ്ങള് നെട്ടോട്ടത്തിലാണെങ്കിലും നാളിതുവരെ ശുദ്ധജലം വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർ നടപടികള് സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങള് പറയുന്നു.
മിക്ക കിണറുകളും വറ്റിവരണ്ടതിനാൽ ശുദ്ധജലവിതരണ പദ്ധതികളുടെ പ്രവര്ത്തനം മുടങ്ങിയിരിക്കുകയാണ്. പഞ്ചായത്തിലെ 17 വാര്ഡുകളിൽ 13ലും രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ട്. സര്ക്കാരിന്റെ ജല് ജീവന് പദ്ധതി എങ്ങുമെത്തിയിട്ടില്ല. റോഡുകളെല്ലാം പൈപ്പിടാനായി വെട്ടിപ്പൊളിച്ചതല്ലാതെ ജനങ്ങള്ക്ക് പ്രയോജനപ്പെട്ടില്ല.
എത്രയുംവേഗം പ്രശ്നം പരിഹരിച്ചില്ലെങ്കില് പഞ്ചായത്ത് പടിക്കല് അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് കേരള കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് ജോസ് ആനക്കല്ലുങ്കല് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്ജ് പുളിങ്കാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രന്, മൈക്കിള് പുല്ലുമാക്കല്, അഡ്വ. ഏബ്രഹാം തോമസ് തുടങ്ങിയവര് പ്രസംഗിച്ചു.
District News
നിലന്പൂർ: കണ്ണംകുണ്ട് ആദിവാസി നഗറിൽ ഉൾപ്പെടെ കുടിവെള്ളം എത്തിച്ച് ചാലിയാർ ഗ്രാമപഞ്ചായത്ത് അധികൃതർ. 5000 ലിറ്ററിന്റെ വാട്ടർ ടാങ്കിലാണ് വെള്ളം എത്തിക്കുന്നത്. അതിരൂക്ഷമായി കുടിവെള്ളക്ഷാമം നേരിടുന്ന കണ്ണംകുണ്ട് ആദിവാസി നഗറിലെ കുടുംബങ്ങൾക്കും ആറംക്കോട്, കണ്ണംകുണ്ട് ഭാഗങ്ങളിൽ ജലക്ഷാമം നേരിടുന്ന കുടുംബങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ വാഹനത്തിൽ വെള്ളം എത്തിച്ച് നൽകിയത്. തുടർ ദിവസങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിലും ജലവിതരണം നടത്തും.
കണ്ണംകുണ്ട് നഗറിൽ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്, വാർഡ് അംഗം മൈമൂന കല്ലിങ്ങൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബഷീർ കാട്ടുമുണ്ട, വിജി സുരേഷ്, പ്രവീണ സുരേഷ് എന്നിവർ പങ്കെടുത്തു.
ആറംക്കോട്, കണ്ണംകുണ്ട് ഭാഗങ്ങളിൽ പൊതുകിണറുകളിലെ വെള്ളം വറ്റിയതോടെ ജനങ്ങൾ വലിയ ജലക്ഷാമമാണ് നേരിടുന്നത്. ജൽജീവൻ പദ്ധതിയിലൂടെ കുടിവെള്ള വിതരണം തുടങ്ങാത്തതുമാണ് തിരിച്ചടിയായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ചാലിയാർ പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസുകളായ കാഞ്ഞിരപ്പുഴയിലും കുറുവൻപുഴയിലും ജലവിതാനം താഴ്ന്ന നിലയിലാണ്.
District News
കാക്കനാട് : തുതിയൂർ മേഖലയിൽ വാട്ടർ അഥാേറിറ്റിയിൽ നിന്നുള്ള കുടിവെള്ളം കിട്ടാതായതോടെ വാർഡു കൗൺസിറുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കരാറുകാരനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തുതിയൂർ വാർഡു കൗൺസിലർ തോമസ് വാർഡിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടു.
രാവിലെ മുതൽ വെള്ളം കിട്ടുന്നില്ലെന്നായിരുന്നു പരാതി. വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ കടന്നുപോകുന്ന ഇടങ്ങളിൽ പ്രത്യേകം സ്ഥാപിച്ചിട്ടുളള വാൽവ് തുറന്ന് വിടുന്നതും വാട്ടർ അഥോരിറ്റിക്കു വേണ്ടി അറ്റകുറ്റപ്പണികൾ നടത്തുന്നതുമായ കരാറുകാരന്റെ വീട്ടിൽ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ ചെന്ന കൗൺസിലറും കരാറുകാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഒടുവിൽ കയ്യാങ്കളിയിൽ അവസാനിക്കുകയും ആയിരുന്നു.
അർധരാത്രിയോടെ വീട്ടിൽ അതിക്രമിച്ചെത്തിയവർ ഭാര്യയേയും തന്നെയും മർദിച്ചതായി കരാറുകാരൻ നൽകിയ പരാതിയിൽ പറയുന്നു. സംഘർഷത്തിനിടയിൽ വാർഡ്കൗൺസിലർക്ക് തലക്കു പിന്നിൽ അടിയേൽക്കുകയും ചെയ്തു. കരാറുകാരന്റെ ഭാര്യയുടെ മുഖത്തേറ്റ പരിക്കിൽ പല്ലിളകിയിട്ടുളളതായും പറയപ്പെടുന്നു.
കരാറുകാരനും കൗൺസിലറും കോൺഗ്രസ് പാർട്ടി പ്രവർത്തകരാണ്. 2010ൽ താണ പാടം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കൂടിയാണ് കരാറുകാരന്റെ ഭാര്യ. തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയുടെനേതൃത്വത്തിൽ നടന്ന അനുരജ്ഞന ചർച്ചയിൽ വിഷയം ഒത്തുതീർപ്പായെങ്കിലും തലയ്ക്കടിയേറ്റ കൗൺസിലറും കരാറുകാരനും കുടുംബവും ആശുപത്രിയിൽ ചികിൽസതേടി.
District News
കൊട്ടിയം: നെടുമ്പന ഗ്രാമപഞ്ചായത്തിലെ ജല പ്രതിസന്ധിക്ക് കരുതലായ ഇടപെടലുമായി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ സജീവ പ്രവർത്തനം ജനങ്ങൾക്ക് ആശ്വാസമായി. പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് ആരംഭിച്ച കുടിവെള്ള വിതരണം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.
വാട്ടർ അഥോറിറ്റിയുടെ അനാസ്ഥയും വിവിധ ഭാഗങ്ങളിലുണ്ടായ ലീക്കുകളും കാരണം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ പഴങ്ങാലം, വെളിച്ചിക്കാല, കുണ്ടുമൺ, നെടുമ്പന കനകക്കുന്ന് മേഖലകളിൽ വെള്ളം എത്താതിരുന്ന സാഹചര്യത്തിൽ പ്രശ്നം പലവട്ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു ഫലപ്രദമായ നടപടിയും ഉണ്ടായില്ല. ഈ അവഗണനയ്ക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും നടന്നുവെങ്കിലും പരിഹാരം കണ്ടില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദീൻ ലബ്ബയുടെ നേതൃത്വത്തിൽ നെടുമ്പന ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര ഇടപെടൽ ആരംഭിച്ചത്.
ഇതോടൊപ്പം, ദീർഘകാല പരിഹാരമായി പ്രാദേശികമായി ചെറിയ കുടിവെള്ള പദ്ധതികൾ വിവിധ മേഖലകളിൽ ആരംഭിക്കാനുള്ള തയാറെടുപ്പുകളും പുരോഗമിക്കുകയാണ്. സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ വേണ്ട പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കാൻ പഞ്ചായത്ത് സജീവമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
District News
ആലത്തൂർ: ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ കുടിവെള്ളപ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.
കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഇരുപതോളം വരുന്ന കുടുംബങ്ങൾ വാർഡ് മെംബർമാരായ ലീല ശശി, ഗീത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ അഭാവത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.കെ. സതീഷ്, സഹാവുദീൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹാരിസ്, രാമചന്ദ്രൻ, വിനോദ് പെരുങ്കുളം എന്നിവർ പങ്കെടുത്തു.
District News
കോട്ടയം: വേനല് കടുത്ത് കിണറുകളും കുടിവെള്ള സ്രോതസുകളും വറ്റിയതോടെ കുടിവെള്ളത്തിന് ആവശ്യക്കാരേറി. ഇതോടെ ചൂടിനൊപ്പം കുടിവെള്ളത്തിന്റെ വിലയും കുതിക്കുകയാണ്. ഓരോ സ്ഥലത്തും വിതരണക്കാര് ഓരോ വിലയാണ് ഈടാക്കുന്നത്. മലയോര മേഖലയിലാണ് വില കൂടുതൽ. 4000 ലിറ്റര് വെള്ളത്തിനു 900 രൂപ മുതലാണ് ഈടാക്കുന്നത്.
ഫോണില് വിളിച്ചറിയിച്ചാല് ഏതാനും സമയത്തിനുള്ളില് വിതരണക്കാര് എത്തി വെള്ളം കിണറുകളിലേക്കു പമ്പ് ഉപയോഗിച്ച് അടിച്ചു നല്കുകയാണ് പതിവ്. മലയോര മേഖലകളിലെ ചില സ്ഥലങ്ങളില് 4000 ലിറ്റര് വെള്ളത്തിന് 1000 രൂപയ്ക്കു മുകളില് ഈടാക്കുന്നതായി പറയപ്പെടുന്നു.
വെള്ളം എത്തിക്കേണ്ട സ്ഥലത്തേക്കുള്ള ദൂരത്തിനനുസരിച്ച് വിലയും കൂടുമെന്നാണ് വിതരണക്കാര് പറയുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നിരവധി വാഹനങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ള ടാങ്കറുകള്ക്കു പുറമെ പിക്ക് അപ്പ് വാനിലും ലോറികളിലുമുള്പ്പെടെ വെള്ളം നല്കുന്നവരുമുണ്ട്.
ശുദ്ധജലം പറയുന്ന വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്. പഞ്ചായത്തുകളില് കുടിവെള്ളം എത്തിക്കാനുള്ള ടെന്ഡര് നടപടികള് ആരംഭിച്ചെങ്കിലും ഏറ്റെടുക്കാന് ആളെ കിട്ടാത്തതു പ്രതിസന്ധിയാണെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. ജില്ലയുടെ പടിഞ്ഞാറന് മേഖലയിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.
ഇവിടങ്ങളില് ഒട്ടുമിക്ക ജലസ്രോതസുകളും മലിനമായിരിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില് വേനല് മഴ ലഭിച്ചെങ്കിലും ചൂടിനു കുറവില്ലെന്നും ആവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും നാട്ടുകാര് പറയുന്നു.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
കുടിവെള്ളം പരിശോധിക്കണമെന്ന്
ടാങ്കറുകളിലും മറ്റു വാഹനങ്ങളിലും ഏജന്സികള് എത്തിച്ചുനല്കുന്ന വെള്ളം പരിശോധനകള്ക്കു വിധേയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പണം കൊടുത്തു വാങ്ങുന്ന കുടിവെള്ളം ശുദ്ധമാണോയെന്നതില് യാതൊരു ഗാരണ്ടിയുമില്ല. ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനയുമില്ല.
തദ്ദേശ സ്ഥാപനങ്ങളില് നിന്നോ സര്ക്കാര് വകുപ്പുകളില് നിന്നോ ലഭിക്കുന്ന ലൈസന്സുകളില്ലാതെയാണ് കുടിവെള്ള വിതരണം. ഇതോടെ പകര്ച്ചവ്യാധി ഭീഷണിയുമുണ്ട്. ജില്ലയിലെ നദികളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് അപകടകരമായി താഴുകയാണെന്ന് ജലവകുപ്പ് പറയുന്നു. താഴ്ന്ന പ്രദേശങ്ങളില് വെള്ളം കിട്ടാക്കനിയാണ്. ആറുകളുടെ പല ഭാഗങ്ങളിലും വെള്ളം വറ്റി മണല്ക്കൂനകള് തെളിഞ്ഞു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് പരിധിയിലധികം താഴ്ന്നതോടെ വാട്ടര് അഥോറിട്ടിയുടെ പമ്പിംഗിനെയും പ്രതികൂലമായി ബാധിച്ചു.
ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പുകളാണ് ടാങ്കറുകളും വെള്ളം എത്തിക്കുന്ന മറ്റു വാഹനങ്ങളും പരിശോധിക്കേണ്ടത്. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ വിതരണം ചെയ്യുന്ന വെള്ളം ഉപയോഗയോഗ്യമാണോ എന്നോ കണ്ടെത്താൻ സംവിധാനവുമില്ല. ടാങ്കറുകളില് ജിപിഎസ് അടക്കം ഘടിപ്പിച്ച് നിരീക്ഷിക്കാന് ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉത്തരവാദിത്വമുണ്ടെങ്കിലും നടപ്പാക്കുന്നില്ല.
District News
പടിയൂര്: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പഞ്ചായത്ത് കമ്മിറ്റിയില് അടിയന്തരമായി ചര്ച്ച ചെയ്യാത്തതില് പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്നിന്നു ഇറങ്ങിപ്പോയി.
പഞ്ചായത്തംഗങ്ങളായ ടി.ഡി. ദശോബ്, ഹാജിറ റഷീദ്, ബീന ജെയിംസ് എന്നിവരാണ് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോക്ക് നടത്തിയത്. പടിയൂര് പഞ്ചായത്തിലെ തെക്കന് മേഖലകളായ വളവനങ്ങാടി, പണ്ടാറത്തറ, കെട്ടുചിറ, ചുള്ളിപാലം, കൊങ്ങിണി പറമ്പ്, മഴുവഞ്ചേരി തുരുത്ത്, വാര്യാട് കോങ്ങാടന് തുരുത്ത്, എസ്എന്വിഎല്പി സ്കൂള് പരിസരം എന്നീ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമാണ് അനുഭവിക്കുന്നത്. ഈ പ്രദേശങ്ങളെല്ലാം പുഴയോട് ചേര്ന്നുകിടക്കുന്നതിനാല് ഇവിടെ താമസിക്കുന്നവരെല്ലാം കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനെ ആശ്രയിച്ചാണ് കഴിയുന്നത്.
കുടിവെള്ളം ലഭിക്കാത്തതിനെ തുടര്ന്ന് നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റിനോടും വാട്ടര് അഥോറിറ്റി ഓഫീസിലും പരാതി നല്കിയിട്ടും നാളിതുവരെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിഹാരവും ഉണ്ടായിട്ടില്ല. പടിയൂര് പഞ്ചായത്തില് നിലവില് പ്രവര്ത്തനക്ഷമമായ രണ്ട് വാട്ടര് ടാങ്കുകളാണുള്ളത്. വാട്ടര് അഥോറിറ്റിയില്നിന്ന് ആഴ്ചയില് മൂന്നു ദിവസമാണ് പടിയൂര് പഞ്ചായത്തിലേയ്ക്ക് വെള്ളം വിടുന്നത്.
ടാങ്കില്നിന്ന് വെള്ളംവിട്ട് മൂന്നു ദിവസം കഴിഞ്ഞാല്പോലും ഈ പ്രദേശങ്ങളില് ഒന്നുംതന്നെ പൈപ്പ് കണക്ഷനില് വെള്ളം ലഭിക്കുന്നില്ല. ഈ ടാങ്കുകളില് രണ്ട് വാല്വ് സംവിധാനം മാത്രമാണുള്ളത്. പഞ്ചാത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനായി വിവിധ ഭാഗങ്ങളിലായി വാല്വുകള് ക്രമീകരിച്ചാല് മാത്രമേ ശരിയായ രീതിയില് എല്ലാവര്ക്കും വെള്ളം ലഭിക്കുകയുള്ളൂ. കുടിവെള്ളവിതരണത്തിനായി വാഹന സൗകര്യം ഏര്പ്പെടുത്തുകയാണെങ്കില് സൗജന്യമായി വെള്ളം നല്കാമെന്ന് വാട്ടര് അഥോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയില് ചര്ച്ചചെയ്യാന്പോലും തയാറാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അംഗങ്ങള് പഞ്ചായത്ത് കമ്മിറ്റിയില്നിന്ന് ഇറങ്ങിപ്പോയത്.
District News
എടത്വ: തെക്കേ തലവടിയില് കുടിവെള്ള ക്ഷാമം രൂക്ഷം. ആഴ്ചയില് മൂന്നു തവണ ലഭിച്ചിരുന്ന കുടിവെള്ള വിതരണമാണ് വേനല് കടുത്ത ഈ സമയത്ത് നിലച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരാണ് തെക്കേ തലവടി പ്രദേശം. നീരേറ്റുപുറം ജലശുദ്ധീകരണ ശാല നിലനില്ക്കുന്ന തലവടി പഞ്ചായത്തിലാണ് കുടിവെള്ളത്തിനായി ജനം നെട്ടോട്ടം നടത്തുന്നത്. ഒട്ടുമിക്ക തോടുകളും കിണറുകളും വറ്റിവരണ്ടു. ഉള്ളതാകട്ടേ പ്രാഥമിക ആവശ്യങ്ങള്ക്ക് പോലും ഉപയോഗിക്കാന് കഴിയാത്ത അവസ്ഥയിലാണ്.
തണ്ണീര്മുക്കം ബണ്ട് തുറന്നതോടെ നദികളില് ഉപ്പുരസം കലര്ന്നിട്ടുണ്ട്. സഹികെട്ട ജനം മനുഷ്യാവകാശ കമ്മീഷനെ വരെ സമീപിച്ചിരുന്നു. കമ്മീഷനില് നിന്ന് സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് നിര്ദ്ദേശം നല്കിയെങ്കിലും നിലവില് നടക്കുന്നില്ല. തിരുവല്ല കറ്റോട്ട് നിന്നാണ് തലവടി പ്രദേശങ്ങളില് ജലം ലഭിച്ചിരുന്നത്.
ചൊവ്വ, ബുധന്, ശനി ദിവസങ്ങളില് പകല് സമയത്ത് തലവടി പഞ്ചായത്തിലും രാത്രിയില് എടത്വ പഞ്ചായത്തിലുമാണ് ജലവിതരണം നടന്നിരുന്നത്. 6 എംഎല്ഡി ജലമാണ് ഇരുപഞ്ചായത്തിലും വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജല വിതരണം മുടങ്ങിക്കിടക്കുകയാണ്. ജല അഥോറിറ്റി എടത്വ സെക്ഷനില് ഉപഭോക്താക്കള് അന്വേഷിച്ചപ്പോള് തിരുവല്ലയില് നിന്നുള്ള വിതരണം നടക്കുന്നില്ലെന്ന് മാത്രമാണ് അധിക്യതര് അറിയിച്ചത്.
ജലശുദ്ധീകരണ ശാലയും ഉപരിതല ജലസംഭരണിയുമുള്ള തലവടി പഞ്ചായത്തില് കുടിക്കാന് വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ്. ശുദ്ധജലക്ഷാമം പരിഹരിക്കാന് തലവടി വെള്ളക്കിണറില് സ്ഥാപിച്ച ഉപരിതല ടാങ്കില് വെള്ളം നിറച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര് ജലവിഭവ വകുപ്പിനോട് പലതവണ അഭ്യര്ഥിച്ചെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ സഹായമുണ്ടെങ്കിലേ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന് കഴിയൂവെന്നാണ് പഞ്ചായത്ത് ഭരണസമിതി വാദം.
ടാങ്കില് വെള്ളം എത്തിക്കണമെങ്കില് നീരേറ്റുപുറത്തെ ശുദ്ധീകരണ ശാലയില് നിന്നുള്ള വെള്ളം വെള്ളക്കിണറിലെ ഉപരിതല ടാങ്കില് നിറയ്ക്കണം. കിഫ്ബി പദ്ധതി പ്രകാരം പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്മാണം നടന്നു വരികയാണ്. പഞ്ചായത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജല്ജീവന് പദ്ധതി പ്രകാരം പൈപ്പ് ലൈന് വലിച്ച് കണക്ഷന് നല്കുന്നുണ്ട്.
ഒരുവര്ഷം കഴിയാതെ ജല്ജീവന് പദ്ധതി പൂര്ത്തിയാകില്ലെന്നാണ് അധികൃതര് നല്കുന്ന വിശദീകരണം. കടുത്ത വേനലിന് മുന്പേ ജല സംഭരണിയില് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തലവടിക്കാര് ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ആവശ്യം ചെവിക്കൊള്ളാതെ തിരുവല്ലായില് നിന്ന് ലഭിച്ചിരുന്ന ശുദ്ധജലവും നിലച്ചു.
അധിക്യതരുടെ നിസംഗതയ്ക്കെതിരേ വരും ദിവസങ്ങളില് ജലഅഥോറിറ്റി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് തെക്കേ തലവടി നിവാസികൾ.
District News
മുക്കം: മുക്കം ടൗണിലെ വ്യാപാരികൾക്കും പരിസര പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്കും ആശ്രയമായിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ച് വർഷങ്ങളായങ്കിലും പുനരാരംഭിക്കാൻ നടപടിയായില്ല.
കോടികൾ മുടക്കി നവീകരിച്ച നഗരത്തിലെ റോഡ് വെട്ടിപ്പൊളിക്കാതെ പിസി ജംഗ്ഷനില് പുതിയ സാങ്കേതിക വിദ്യയോടെ പൈപ്പുകൾ സ്ഥാപിച്ച് പദ്ധതി പുനരാരംഭിക്കാൻ ഒന്നര മാസം മുമ്പ് സ്വീകരിച്ച നടപടി ആദ്യം പരാജയപ്പെടുകയും പിന്നീട് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തങ്കിലും കുടിവെള്ള വിതരണം ഇനിയും പുനരാരംഭിക്കാനായില്ല.
അതിനിടെ മുക്കം ടൗൺ രണ്ടാം ഘട്ട സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും പൊട്ടിയ പൈപ്പുകളും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. സൗന്ദര്യവൽക്കരണ പ്രവൃത്തി ഏകദേശം പൂർത്തിയായതോടെ ഇനി പുതിയ പൈപ്പ് സ്ഥാപിക്കലും വലിയ പ്രയാസമായി മാറും.
യാതൊരു വിധ ആസൂത്രണവുമില്ലാതെ പ്രവൃത്തി നടത്തുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. കുടിവെളളം വിതരണം ചെയ്യുന്ന പൈപ്പ് രണ്ടര വർഷം മുമ്പ് പൊട്ടിയതോടെയാണ് നഗരത്തിലെ ശുദ്ധജല വിതരണം പൂർണ്ണമായും നിലച്ചത്. ഇതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവയ്ക്ക് പുറമേ ഗാർഹിക ഉപഭോക്താക്കളും ജല അതോറിറ്റിയുടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു.
പി.സി ജംഗ്ഷൻ മുതൽ ആലിൻ ചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജല വിതരണമാണ് തടസപ്പെട്ടിരുന്നത്. കാലപ്പഴക്കം ചെന്നതും വ്യാസം കുറവായതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയായിരുന്നു ഏക പരിഹാരം.
മുക്കം ടൗൺ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതോടെ അറ്റകുറ്റപ്പണി നടത്താനോ പൈപ്പ് മാറ്റി സ്ഥാപിക്കാനോ സാധിക്കാതെയായി. റിസ്റ്റൊറേഷൻ ചാർജായും സെക്യൂരിറ്റി ഡിപ്പോസിറ്റായും മൂന്ന് ലക്ഷത്തോളം രൂപയാണ് പിഡബ്ല്യുഡി ചോദിച്ചിരുന്നത്.
തുടർന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തുകയും ഫെൽഫെയർ പാർട്ടി ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നഗരസഭയിലെ കഴിഞ്ഞ ഭരണ സമിതിയിലെ ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊടുവള്ളിയിലെ ജല അതോറിറ്റി എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണും നടത്തിയിരുന്നു.
എന്നിട്ടും അധികൃതർ കണ്ണ് തുറന്നില്ല. ഇതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. തുടർന്ന്, കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. എന്നാൽ, ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ അധികൃതർ തുടർനടപടി സ്വീകരിച്ചങ്കിലും അതും പരാജയപ്പെട്ടതോടെ ഇനി എന്ത് എന്നാണ് വ്യാപാരികൾ ഉൾപ്പെടെ ചോദിക്കുന്നത്.
District News
പാരിപ്പള്ളി: പൈപ്പിലൂടെ വെള്ളം വന്നിട്ട് കാലമേറെയായെങ്കിലും ബില്ല് വീടുകളില് കൃത്യമായെത്തുന്നു. കല്ലുവാതുക്കല് പഞ്ചായത്തിലെ വിവിധ വാര്ഡുകളില് ജല അഥോറിറ്റിയും ജലജീവന് മിഷനും ചേര്ന്ന് നടപ്പാക്കിയ പദ്ധതികള് പാതിവഴിയില് നിലച്ചതോടെ കുടിവെള്ളക്ഷാമത്താല് വലയുകയാണ് നാട്ടുകാര്. പദ്ധതിക്കായി 28 കോടി അനുവദിച്ചിട്ടും വേനല് കടുത്തതോടെ ജനങ്ങള്ക്ക് തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല.
പൊട്ടിയതും ഗുണനിലവാരമില്ലാത്ത പൈപ്പുകള് സ്ഥാപിച്ചതാണ് ജലവിതരണം തടസപ്പെടാന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാരിപ്പള്ളിയുടെ കിഴക്കന് മേഖല, കൊടിമൂട്ടില് ക്ഷേത്ര പരിസരം, കോട്ടയ്ക്കാറം, സ്റ്റാര് ഹോസ്പിറ്റല് റോഡ് എന്നിവിടങ്ങളില് അഞ്ചുവര്ഷമായി ജലവിതരണം പൂര്ണമായും നിലച്ചിരിക്കുകയാണ്.
വെള്ളം ലഭിക്കാത്ത സാഹചര്യത്തിലും വന്തുകയുടെ ബില്ലുകള് നല്കുന്നതിനൊപ്പം, കുടിശിക വരുത്തിയവര്ക്കെതിരെ റവന്യൂ റിക്കവറി നടപടികളുമായി അധികൃതര് മു ന്നോട്ടുപോകുന്നത് വലിയ പ്രതിഷേ ധത്തിന് ഇടയാക്കിയിട്ടുണ്ട്.
പല വീ ടുകളിലും വില്ലേജ് ഓഫീസില് നിന്നു ള്ള റിക്കവറി നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. കുടിവെള്ളത്തിനായി പ്രതിദിനം അഞ്ഞൂറു രൂപയില് കൂടുതല് ചെലവാക്കി പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട
ഗതികേടിലാണ് സാധാരണക്കാര്.പഞ്ചായത്ത് വാടകയ്ക്കെടുത്ത ടാങ്കറുകള് വഴിയുള്ള ജല വിതരണവും കരാറിലുള്ള തര്ക്കങ്ങള് കാരണം നിലച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില് ജല അഥോറിറ്റിയുടെയും ജലജീവന് മിഷന്റെയും ഉദ്യോഗസ്ഥര് അടിയന്തരമായി ഇടപെട്ട് പൈപ്പ് ലൈനുകളിലെ ചോര്ച്ച പരിഹരിക്കണമെന്നും ജലവിതരണം പുനഃസ്ഥാപിക്കണമെന്നും കോണ് ഗ്രസ് പാര്ലമെന്ററി പാര്ട്ടി നേതാവ് എസ്.എസ്. സിമിലാല് ആവശ്യപ്പെട്ടു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന റവന്യൂ റിക്കവറി നടപടികള് ഉടന് നിര്ത്തിവയ്ക്കണമെന്നും ഉപയോ ഗിക്കാത്ത വെള്ളത്തിന് ഈടാക്കിയ തുക ബില്ലില്നിന്ന് ഒഴിവാക്കണമെ ന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭര ണസമിതിക്ക് കത്ത് നല്കിയിട്ടുണ്ട്.
പ്രശ്നത്തിന് അടിയന്തര പരിഹാരമില്ലെങ്കില് ചാത്തന്നൂര് ജല അഥോറിറ്റി ഓഫീസും പഞ്ചായത്ത് ഓഫീസും ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാ ണ് നാട്ടുകാരുടെ തീരുമാനം.
District News
നെടുമങ്ങാട്: വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിവരണ്ടു. ഗ്രാമീണ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പനവൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. പൈപ്പ് ലൈനിലൂടെ വെള്ളം ലഭിക്കുന്നത് കുറഞ്ഞതോടെ നാട്ടുകാർ പരക്കം പായുകയാണ്.
വേനൽ കടുത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. ഇനിയും വേനൽ തുടർന്നാൽ വരും ദിവസങ്ങളിൽ ശുദ്ധജലത്തിനായി ജനങ്ങൾ അലയേണ്ടിവരും. പേരയം, പുല്ലാമല ഉന്നതി, കോതകുളങ്ങര, വഞ്ചുവം, വെങ്കിട്ടക്കാല, മൊട്ടക്കാവ്, ആട്ടുകാൽ, പൂവക്കാട്, ഏരുമല, കുളപ്പാറ, കൊച്ചുപാലോട് തുടങ്ങിയ പ്രദേശങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
വേനൽ കടുത്തതോടെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി. പൈപ്പ് ലൈനുകളിലൂടെ വല്ലപ്പോഴുമാണു കുടിവെള്ളമെത്തുന്നത്. മുൻപ് രണ്ടാഴ്ചയിലൊരിക്കൽ ജലവിതരണം നടത്തുമായിരുന്നെങ്കിലും ഇപ്പോൾ അതും ഉണ്ടാകുന്നില്ല. പൂവക്കാട്, അജയപുരം പ്രദേശങ്ങളിൽ കുറച്ച് നാളുകൾക്കുശേഷം വോട്ടെടുപ്പിന്റെ തലേദിവസമാണു പൈപ്പ് ലൈനിലൂടെ വെള്ളം എത്തിയത്. അതും രണ്ടു ദിവസം മാത്രം. ഒരാഴ്ച മുൻപ് വൈകുന്നേരം മഴ ലഭിച്ചതിനെ തുടർന്നാണ് ആറ്റിൽ ചെറിയ തോതിൽ ജലനിരപ്പ് ഉണ്ടായത്. എന്നാൽ കിണറുകളിൽ ജലത്തിന്റെ അളവ് ഓരോ ദിവസം കഴിയുന്തോറും താഴുകയാണ്. കുടിവെള്ളം എത്തിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
District News
അടൂർ: വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായ അടൂർ നഗരസഭയിലെ മൂന്നാളം വാർഡിൽ കുടിവെള്ള വിതരണം നടത്തി. പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം തടസപ്പെട്ടതും കടുത്ത ചൂടിൽ കിണറുകൾ വറ്റിയതും പ്രദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ വാർഡ് കൗൺസിലർ രൂപേഷ് അടൂരിന്റെ നേതൃത്വത്തിലാണ് വീടുകളിൽ നേരിട്ട് വെള്ളമെത്തിച്ചത്.
രാവിലെ ആരംഭിച്ച ജലവിതരണം വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. ജലവിതരണത്തെക്കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസം മുൻപ് തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നൽകിയിരുന്നതിനാൽ വീട്ടുകാർക്ക് വെള്ളം ശേഖരിക്കാനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കാനായി. ജലക്ഷാമത്തിന് താത്കാലിക ആശ്വാസമായി. കുടിവെള്ള വിതരണത്തിന് വാസുദേവക്കുറുപ്പ്, വേണുഗോപാൽ എസ്., സത്യൻ എന്നിവർ നേതൃത്വം നൽകി.
District News
തിരുവല്ല: വേനല് ചൂടിന്റെ രൂക്ഷത കൂടിയതോടെ അപ്പര്കുട്ടനാട്ടിലെ കിണറുകളും വറ്റി, കുടിവെള്ളക്ഷാമം രൂക്ഷം. പമ്പയുടെയും അച്ചന്കോവിലാറിന്റെയും മണിമലയുടെയും തീരത്തു പോലും വ്യാപകമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. ആറിനോടടുത്തുള്ള പാടശേഖരങ്ങളും വറ്റി വരണ്ടു.
വിണ്ടുകീറിയ പാടശേഖരങ്ങള് വരാനിരിക്കുന്ന വരൾച്ചയുടെ തീവ്രതയെയാണ് വിളിച്ചറിയിക്കുന്നതെന്ന ഭീതിയും അപ്പര്കുട്ടനാട്ടിലാകെ നിലനില്ക്കുകയാണ്.
നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്, മാന്നാര്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
നാലുപാടും വെള്ളത്താല് ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും തുള്ളി കുടിക്കാനില്ലാത്ത അവസ്ഥയാണ്. ഒട്ടുമിക്ക കിണറുകളും വറ്റുകയും അടിത്തട്ടിൽ ഉള്ള വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം നിറം മാറുകയും രൂക്ഷഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
പൈപ്പുവെള്ളം മാത്രമാണ് ഏക ആശ്രയമെങ്കിലും അതും സമയത്തിനു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. മാന്നാർ ഗ്രാമപഞ്ചായത്തിൽ പാലമൂട്ടില് മിനി കുടിവെള്ളപദ്ധതിയില് നിന്നു പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും കാര്യമായി വെള്ളം ലഭിക്കുന്നില്ല. കുഴല്ക്കിണറില് നിന്നുള്ള വെള്ളമാണ് പദ്ധതിയില് ഉപയോഗിക്കുന്നത്.
കുറച്ചു കൂടി താഴ്ത്തി കുഴിച്ചെങ്കിൽ മാത്രമേ ജല ലഭ്യത കാര്യക്ഷമമാകുകയുള്ളൂ. ഇതിനായി എല്ലാ വേനലിലും നാട്ടുകാര് മുറവിളി കൂട്ടുമെങ്കിലും ജല അഥോറിറ്റിയോ ഗ്രാമപഞ്ചായത്തോ പ്രശ്നത്തിനു പരിഹാരം കാണുന്നില്ല. അപ്പര്കുട്ടനാട്ടില് വിവിധയിടങ്ങളിലായി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച ജലസംഭരണികള് നോക്കുകുത്തികളാണ്.വേനല് കടുത്തതോടെ ആറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ് മിക്കയിടങ്ങളിലും കിലോമീറ്ററുകള് നീളത്തില് മണല് പരപ്പുകള് പൊന്തി നില്ക്കുന്ന കാഴ്ചയാണ്.
Health
ചൂട് കാലമായതിനാല് ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താനായി പരിശോധനകള് കൂടുതല് ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലകളില് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള് മുതല് എല്ലാ കടകളിലും പരിശോധന നടത്തുന്നുണ്ട്.
ഷവര്മ ഉള്പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള് വില്ക്കുന്ന സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള് ശക്തമായി തുടരും.
ഐസാണ് വില്ലൻ
വേനല് കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില് ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല് ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന് പാടുള്ളൂ.
കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്ക്കുന്നവര് ശുദ്ധജലത്തില്നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള് ചൂടുകാലത്ത് പെട്ടെന്നു കേടാകുമെന്നതിനാല് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണവും വെള്ളവും അടച്ചു സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില് തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
കുടിക്കുന്നതു ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന് ശ്രദ്ധിക്കണം. യാത്രാ വേളയില് ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്.
കുപ്പി വെള്ളം വാങ്ങുമ്പോൾ
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്ശന നടപടി സ്വീകരിക്കും. കടകളില്നിന്നു വാങ്ങുന്ന കുപ്പിവെള്ളം കുടിക്കുമ്പോള് ചില കാര്യങ്ങള് പ്രത്യേകം ശ്രദ്ധിക്കണം.
കുപ്പിവെള്ളം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള് നിറച്ച പ്ലാസ്റ്റിക് കുപ്പികള് എന്നിവ വെയിലേല്ക്കുന്ന രീതിയില് കടകളില് തൂക്കിയിടാനും വെയിലേല്ക്കുന്ന രീതിയില് വാഹനങ്ങളില് വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
District News
തലശേരി: നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർക്ക് പരുക്കേറ്റു.കൊളശേരി സ്വദേശി ഇല്ലത്ത് താഴെ വീട്ടിൽ ശശിക്കാണ് (67) പരിക്കേറ്റത്. ശശി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ സ്റ്റേഡിയത്തിന് സമീപം ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിന് അടുത്തായിരുന്നു അപകടം.
കൊടുവള്ളി വാട്ടർ അഥോറിറ്റി കേന്ദ്രത്തിൽ നിന്ന് രണ്ട് വലിയ ടാങ്കുകളിൽ വെള്ളം സംഭരിച്ച് തലശേരി ഭാഗത്ത് വിതരണം ചെയ്യുന്നതിനായി വരികയായിരുന്നു മിനിലോറി. ടയറിൽ കാറ്റു നിറയ്ക്കാനായി റോഡിൽ നിന്ന് ടയർ കടയുടെ മുന്നിലേക്ക് ഇറക്കുന്നതിനിടെ ലോറി ചെരിഞ്ഞ് മറിയുകയായിരുന്നു. അപകടത്തിൽ ലോറിയിലെ പ്ലാസ്റ്റിക് ജലസംഭരണികൾ രണ്ടും തകർന്നു.
District News
പത്തനംതിട്ട: വേനലിന്റെ രൂക്ഷത ഏറിയതോടെ പലയിടത്തും ജലക്ഷാമം രൂക്ഷമായി. കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജലവിതരണ സംവിധാനങ്ങളെ ആശ്രയിക്കുകയാണ് മിക്കവരും. പൈപ്പുകളിൽ വെള്ളം ഇല്ലാതായതോടെ ടാങ്കർ ലോറികൾക്കായി കാത്തിരിക്കുകയാണ്. എന്നാൽ ജലവിതരണം നടത്താനുള്ള അനുമതി പല പഞ്ചായത്തുകളും വാങ്ങിയിട്ടില്ല. ഇക്കാരണത്താൽ വൻ തുക ചെലവഴിച്ച് വെള്ളം വാങ്ങേണ്ട സ്ഥിതിയാണ് പലർക്കും.
വേനൽമഴയിൽ ഇടയ്ക്കു ജലസ്രോതസുകൾ സജീവമായെങ്കിലും പിന്നീട് ചൂടിന്റെ ആധിക്യം ഏറിയതോടെ ഉണ്ടായിരുന്ന വെള്ളവും വറ്റി. ഇതോടെയാണ് കുടിവെള്ളം പലയിടത്തും കിട്ടാക്കനിയായി മാറിയത്.
ഓമല്ലൂർ പഞ്ചായത്തിലെ വാഴമുട്ടത്ത് 1977-ൽ കുടിവെള്ള പൈപ്പിട്ടതാണ്. എന്നാൽ ഇതേവരെ വെള്ളം എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തിന്റെ കുടിവെള്ളവിതരണവും കാര്യക്ഷമമല്ല. ടാങ്കർ ലോറി എല്ലാദിവസവും എത്താറില്ല.
കിണറിലെ വെള്ളം പൂർണമായി വറ്റിയതോടെ വാഴമുട്ടം മേഖലയിൽ നിരവധി കുടുംബങ്ങൾ വെള്ളം ഇല്ലാതെ വലയുകയാണ്.
District News
ചാരുംമൂട്: വേനലിൽ നാട് ഒന്നാകെ വറുതിയുടെ പിടിയിലാകുമ്പോൾ കുടിവെള്ളത്തിനുവേണ്ടി ചാരുംമൂട് മേഖലയിൽ ജനം നെട്ടോട്ടത്തിൽ. പ്രധാന കുടിവെള്ള സ്രോതസുകളായ കിണറുകളും കുളങ്ങളും പൂർണമായി വറ്റിവരണ്ടു. കുടിവെള്ളവിതരണ ടാപ്പുകള് വെറും നോക്കുകുത്തികളായി.
വീടുകളിലേക്ക് കണക്ഷനുകള് എടുത്തവര്ക്ക് വെള്ളം കിട്ടാതെതന്നെ ഇപ്പോൾ കരം അടയ്ക്കേണ്ട ഗതികേടാണ്. കല്ലട ജലസേചനപദ്ധതി കനാല് തുറന്നുവിട്ടിട്ടുണ്ടെങ്കിലും ചാരുംമൂട്, വള്ളികുന്നം, ചുനക്കര, തെക്കേക്കര, താമരക്കുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് കുറവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഈ പ്രദേശങ്ങളിലെ നെൽകൃഷിയടക്കമുള്ളവ കരിഞ്ഞുണങ്ങുകയാണ്. ആദിക്കാട്ടുകുളങ്ങര, തണ്ടാനുവിള, പുലിക്കുന്ന് നൂറനാട്, പാലമേല്, വള്ളികുന്നം, താമരക്കുളം പ്രദേശങ്ങളിലാണ് ഇപ്പോൾ രൂക്ഷമായ കുടിവെള്ളക്ഷാമമുള്ളത്. മിക്ക പഞ്ചായത്തുകളിലും ജലപദ്ധതികള് ഉണ്ടെങ്കിലും ജലവിതരണം കാര്യക്ഷമമല്ല.
പാറ്റൂർ ശുദ്ധജല പദ്ധതിയിൽനിന്നാണ് മേഖലയിലെ നാലു പഞ്ചായത്തുകളിൽ വെള്ളം എത്തുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യത്തിന് വെള്ളം ലഭ്യമാകുന്നില്ല. ഉയര്ന്ന പ്രദേശങ്ങളില് വെള്ളം കിട്ടാതായിട്ട് മാസങ്ങളായി. വെള്ളം പമ്പ് ചെയ്യുന്ന കിണറുകളും വറ്റിയ നിലയിലാണ്. പല സ്ഥലങ്ങളിലും കുടിവെള്ളം വന്വിലകൊടുത്താണ് വാങ്ങുന്നത്.
ടാങ്കറിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്.
പാഴാക്കി ജലം
കായംകുളം: കൊടുംവേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ റോഡിനു സമീപത്തെ പൈപ്പുപൊട്ടി ജലം പാഴാകുമ്പോഴും അധികൃതർക്ക് കണ്ട ഭാവമില്ല. കായംകുളം ഏവൂർ-മുട്ടം റോഡിൽ മേടമുക്ക് ജംഗ്ഷന് വടക്കുവശത്ത് പ്രധാന റോഡിലാണ് ജല അഥോറിറ്റിയുടെ പൈപ്പുപൊട്ടി ദിവസങ്ങളായി ജലം പാഴായി റോഡിൽ കെട്ടിക്കിടക്കുകയും റോഡിൽ വലിയ കുഴി രൂപപ്പെടാൻ ഇടയാക്കുകയും ചെയ്തിരിക്കുന്നത്. റോഡിലെ കുഴി ഇപ്പോൾ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ് ജല അഥോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം യാത്രക്കാർക്ക് കുഴി കാണാൻ കഴിയുകയില്ല.
District News
ആലക്കോട്: കടുത്ത വേനലിൽ വരൾച്ച വർധിച്ചതോടെ മലയോരത്തെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുകളുടെ 2026 -27 വർഷത്തെ ബജറ്റിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തുക നീക്കിവച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടില്ല.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ വേനൽ കടുക്കുന്നതോടെ വീടുകൾ അടച്ചിട്ട് ബന്ധുവീടുകളിലേക്ക് താമസം മാറുന്നത് പതിവാണ്. മുൻ വർഷങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസം വീടുകളിൽ വെള്ളം എത്തിച്ചെങ്കിലും ഈ വർഷം അതും നടപ്പിലായില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ നിലവിലുള്ള ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കിയും പമ്പ് ഹൗസുകൾ വഴിയുള്ള ജല വിതരണം പുനഃസ്ഥാപിച്ചും ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ബീംബുംകാട് പദ്ധതി അനാസ്ഥ മൂലം മുടങ്ങി
വർഷങ്ങൾക്ക് മുമ്പ് 12 കോടി മുടക്കി നിർമിച്ച ആലക്കോട് പഞ്ചായത്തിലെ രയരോം ബീംബുംകാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും കുഴിച്ചിട്ട പൈപ്പുകളും നിലവിൽ സ്മാരകങ്ങളാണ്.
കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ഫണ്ടും തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടും ഉപയോഗിച്ച് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് വർഷങ്ങളായി ജലം ലഭ്യമാവാതെ 900 കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്. ആലക്കോട് പഞ്ചായത്തിലെ 10 വാർഡുകളിൽ വെള്ളം എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ആരുടെയൊക്കെയോ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്.
ജൽജീവൻ പദ്ധതിയും അവതാളത്തിൽ
മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങളും അവതാളത്തിലാണ്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
ആറു വർഷം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി കഴിഞ്ഞ വർഷം പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലു മലയോര മേഖലയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. ജൽ ജീവൻ മിഷൻ പദ്ധതിക്കായി മലയോര മേഖലയുടെ പല ഭാഗത്തായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള പൈപ്പുകൾ വെയിലും മഴയും കൊണ്ട് നശിക്കുന്ന അവസ്ഥയിലാണ്. കടുത്ത വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പായി ജൽ ജീവൻ പദ്ധതി പൂർത്തീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം മൂന്ന് വർഷമായി നടക്കാത്ത നിലയിലാണ്.
ഫണ്ടില്ല
ആലക്കോട്, ഉദയഗിരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി നിർമാണം ഇഴഞ്ഞു നീങ്ങുന്നതിന്റെ പ്രധാന കാരണം ഫണ്ട് ലഭിക്കാത്തതാണ്. കരാറുകാരിൽ പലരും പണി നിർത്തിവച്ചിരിക്കുകയാണ്.
ഉദയഗിരി പഞ്ചായത്തിലെ 15 വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 70 കോടി രൂപയാണ് ചെലവഴിക്കുന്നത്. 50 ശതമാനം കേന്ദ്ര സർക്കാരും 35 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തുമാണ് തുക ചെലവഴിക്കുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ ഫണ്ടില്ലാത്തത് മൂലം മുടങ്ങിരിക്കുന്നത്.
District News
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വൈക്കം വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ ഉപരോധിച്ചു.
പഞ്ചായത്തിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ. നൂർജഹാൻ ഉറപ്പ് നല്കിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
കഴിഞ്ഞ മൂന്നു മാസമായി പഞ്ചായത്തിലെ 14 വാർഡുകളിലും ഏകദേശം 10 ,12 ദിവസം കൂടുമ്പോഴാണ് കുടിവെള്ളം കിട്ടുന്നതെന്ന് ഭരണസമിതിയംഗങ്ങൾ ആരോപിച്ചു.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാതിരുന്നതിനാലാണ് സമരം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ടി.ഡി. ഗീത, മോഹൻദാസ് വെച്ചൂർ, എസ്. മനോജ് കുമാർ, ഇ.എം. അമലേന്ദു എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.
District News
മൊഗ്രാൽ: വേനൽച്ചൂടിൽ പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ വീട്ടുപരിസരങ്ങളിൽ തണ്ണീർക്കുടങ്ങളൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ. കഴിഞ്ഞ വർഷം വേനൽ കനത്തതോടെ കുമ്പള പഞ്ചായത്തിൽ നിരവധി പക്ഷികൾ ചത്തൊടുങ്ങിയിരുന്നു. ഈ അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ടാണ് ഈ വർഷം പരമാവധി ഇടങ്ങളിൽ തണ്ണീർക്കുടങ്ങളൊരുക്കുന്നതെന്ന് ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.
ദേശീയവേദി ജോയിന്റ് സെക്രട്ടറി അഷ്റഫിന്റെ വീട്ടുപറമ്പിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച് പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.എം. മുഹമ്മദ് കുഞ്ഞി, ബി.എ. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി, എച്ച്.എ. കരീം എന്നിവർ നേതൃത്വം നൽകി.
International
ടെഹ്റാൻ: വൈദ്യുത നിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഭീഷണി.
48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണി.
ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്നു വ്യക്തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം ഒൻപതിനു പുലർച്ചെയാണ് മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.
District News
കോട്ടയം: കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങള്ക്ക് കുടിവെള്ളം നല്കാതെ ബോധപൂര്വം സര്ക്കാര് ദ്രോഹിക്കുകയാണെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ. വെള്ളംവച്ച് രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള് വെള്ളം കുടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഒരു നാടിന്റെ വികസനം തടസപ്പെടുത്താന് ചിലര് വാട്ടര് അഥോറിറ്റിയെ ആയുധമാക്കുകയാണെന്ന് തിരുവഞ്ചൂര് കുറ്റപ്പെടുത്തി. കോട്ടയത്തെ ജനങ്ങള്ക്ക് ജീവിക്കാന് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് സര്ക്കാര് മതിയായ നടപടി എടുക്കണം. സര്ക്കാരിന്റെ മുഖം മിനുക്കാന് കോടികളാണ് ചെലവഴിക്കുന്നത്. എത്ര കോടികള് ചെലഴിച്ചാലും ഈ സര്ക്കാരിന്റെ മുഖം മിനുങ്ങാന് പോകുന്നില്ലെന്ന് തിരുവഞ്ചൂര് ചൂണ്ടിക്കാട്ടി.
കോട്ടയം നിയോജകമണ്ഡലത്തിലെ കോട്ടയം മുനിസിപ്പാലിറ്റി, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില് വാട്ടര് അഥോറിറ്റി ഓഫീസിനു മുന്നില് നടത്തിയ ധര്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്.
മുനിസിപ്പല് ചെയര്മാന് എം.പി. സന്തോഷ്കുമാര്, ടി.സി. റോയി, സിബി കൊല്ലാട്, എന്. ജയചന്ദ്രന്, സിസി ബോബി, സാബു മാത്യു, ഷൈനി വര്ക്കി, ബിന്ദു സന്തോഷ്കുമാര്, ബിന്സി സെബാസ്റ്റ്യന്, സനില് കാണക്കാലില്, മിഥുന് ജി. തോമസ് തുടങ്ങിയവര് നേതൃത്വം നല്കി
Kerala
തിരുവനന്തപുരം: അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയിൽ നിന്നുള്ള പ്രധാന പൈപ്പ് ആണ് പൊട്ടിയിരിക്കുന്നത്. അമ്പലമുക്ക് ജംഗ്ഷന് സമീപമാണ് പൈപ്പ്ലൈനിൽ ചോര്ച്ചയുണ്ടായത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം മാർച്ച് 14 മുതൽ മാർച്ച് 17 വരെ പൂർണമായും മാർച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും തടസപ്പെടും.
ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
District News
രാമപുരം: വേനല് കടുത്തതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് കുളം നാട്ടുകാരുടെ നേതൃത്വത്തില് വൃത്തിയാക്കി. രാമപുരം ടൗണില് കോലത്ത് വാതിലിന് സമീപം തുണ്ടത്തില് ജോര്ജ് വര്ഷങ്ങള്ക്ക് മുന്പ് കുളം നിര്മിക്കാനായി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലത്ത് അന്ന് പഞ്ചായത്ത് കുളം നിര്മിച്ച് കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നു. വര്ഷങ്ങളോളം ആളുകള് ആ കുളത്തെ ആശ്രയിച്ചു. പിന്നീട് ഈ കുളം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
നാളുകള്ക്ക് ശേഷം കുളം വീണ്ടെടുക്കാനായതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്. ഹിറ്റാച്ചി കുളത്തിലിറക്കി മാലിന്യങ്ങളെല്ലാം നീക്കം ചെയ്തു. വെള്ളം ശുദ്ധീകരിക്കുന്നതിന് വേണ്ട നടപടികള് പഞ്ചായത്ത് സ്വീകരിക്കും. പഞ്ചായത്ത് മെംബര് ബൈജു ജോണ് പുതിയിടത്തുചാലിലും മുന് മെംബര് സണ്ണി പൊരുന്നക്കോട്ടും കുളം വൃത്തിയാക്കുന്നതിന് നേതൃത്വം നല്കി. ജിന്നിച്ചന് വടക്കേക്കൂറ്റ്, മത്തായി പതാറക്കുഴിയില് എന്നിവരാണ് കുളം വൃത്തിയാക്കലിന് മുന്പന്തിയിൽ നിന്നത്.
District News
ചെറുവള്ളി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെറുവള്ളി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഡോ. എൻ. ജയരാജ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 97.25 ലക്ഷം രൂപ ചെലവഴിച്ച് ചെറുവള്ളി മേഖലാ കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു.
കറുത്ത മഞ്ഞാടിയിലെ ടാങ്കിന്റെ പുനരുദ്ധാരണം, ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നുള്ള വിതരണ പൈപ്പുകൾ പുനഃസ്ഥാപിക്കുക, മോട്ടർ -പമ്പ് എന്നിവ പ്രവർത്തനക്ഷമമാക്കുന്നതിനുമാണ് ഫണ്ട് വിനിയോഗിക്കുന്നത്. ഇതോടെ ചെറുവള്ളി വില്ലേജിലെ 400ൽപരം കുടുംബങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ കഴിയും. പദ്ധതിയുടെ നിർമാണോദ്ഘാടനം ചെറുവള്ളി കറുത്ത മഞ്ഞാടിയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ, വാട്ടർ അഥോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, എം.ജി. വിനോദ്, ഷാലിജ സുരേന്ദ്രൻ, ശ്രീജിത് വെള്ളാവൂർ, വാട്ടർ അഥോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജിബോയി ജോസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സാം ജോഷ്വാ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധർ. ഇടക്കുന്നം തീരദേശം പ്രദേശത്ത് വല്ലപ്പുഴയിൽ ഷാനവാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് സാമൂഹികവിരുദ്ധർ കരിഓയിൽ ഒഴിച്ചത്.
വീട്ടുകാരെ കൂടാതെ അയൽവാസികളായ മൂന്നുപേർകൂടി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ കിണറ്റിലെ വെള്ളമായിരുന്നു. ചൊവ്വാഴാച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് കിണറ്റിൽ കരിഓയിൽ ഒഴിച്ചത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഷാനവാസ് പറഞ്ഞു. കരി ഓയിൽ വീണതോടെ കിണറ്റിലെ വെള്ളമാകെ ഉപയോഗശൂന്യമായി മാറി.
ഓയിൽ കിണറ്റിലെ വെള്ളത്തിന്റെ മുകളിലാകെ പരന്നുകിടക്കുകയാണ്. സ്ഥലത്തെത്തിയ വാർഡ് മെംബർ വി.ടി. രഞ്ജിത്ത് കാഞ്ഞിരപ്പള്ളി പോലീസിലും പാറത്തോട് ഫാമിലി ഹെൽത്ത് സെന്ററിലും വിവരമറിയിച്ചതിനെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ എൻ.ആർ. വിനോദ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ എന്നിവർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. കോട്ടയത്ത് വാട്ടർ അഥോറിറ്റി ലാബിൽ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടുത്ത വേനലിലും വറ്റാത്ത കിണറായിരുന്നു ഇത്. കിണർ തേകിയതിനുശേഷം വരുന്ന വെള്ളത്തിലും ഓയിലിന്റെ അംശമുണ്ട്.
District News
പാലക്കാട്: ജില്ലയിൽ വേനൽക്കാലത്ത് രൂക്ഷമാകാനിടയുള്ള കുടിവെള്ളക്ഷാമം മുൻകൂട്ടിക്കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യം.
മുഹമ്മദ് മുഹ്സിൻ എംഎൽഎയാണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്നും പൂർത്തിയായ പദ്ധതികളുടെ ട്രയൽ റണ് നടത്തി ഉടൻ കമ്മീഷൻ ചെയ്യണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിലാണ് യോഗം ചേർന്നത്.പട്ടാന്പി പൊതുശ്മശാനം തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം പരിഹരിക്കണമെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ ആവശ്യപ്പെട്ടു.
ആലത്തൂർ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികൾ പൂർത്തിയായി വരുന്നതായും പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട കരാറുകാർക്ക് നിർദേശം നൽകിയതായും കെ.ഡി. പ്രസേനൻ എംഎൽഎയുടെ ചോദ്യത്തിനുത്തരമായി വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടതും പരിക്കേറ്റതുമായവർക്ക് നൽകുന്ന നഷ്ടപരിഹാരതുകയുടെ വിതരണം ഈ മാസത്തോടെ പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ കെ. ശാന്തകുമാരി എംഎൽഎയെ അറിയിച്ചു.
പാലക്കയം തരിപ്പപ്പതി റോഡിൽ വിള്ളൽ രൂപപ്പെട്ടത് പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുവരുന്നതായി എംഎൽഎയുടെ ചോദ്യത്തിനുത്തരമായി പിഎംജിഎസ് വൈ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കൊടുന്പ് പാളയം പാലം പ്രവൃത്തി എത്രയുംവേഗം പൂർത്തീകരിക്കണമെന്ന് എ. പ്രഭാകരൻ എംഎൽഎ ആവശ്യപ്പെട്ടു.
അകത്തേത്തറ മേൽപ്പാല നിർമാണത്തോടനുബന്ധിച്ച് മലന്പുഴ ഒലവക്കോട് റോഡ് അടച്ചിട്ടതിനാൽ പ്രദേശവാസികൾ കാലങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പ്രവൃത്തി നടത്തുന്ന ഏജൻസി ജില്ലയിലെ പ്രവൃത്തികളോട് കാണിക്കുന്ന നിരുത്തരവാദ സമീപനം അവസാനിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ചിറ്റൂർ മണ്ഡലത്തിലെ നെൽകർഷകർക്കുള്ള ഉഴവുകൂലി ഗ്രാമപഞ്ചായത്ത് ജനറൽ വിഭാഗത്തിൽ 1,61,74,653 രൂപയും, എസ് സി വിഭാഗത്തിൽ 5,94,845 രൂപയും വിതരണം ചെയ്തതായി പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ യോഗത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വിഹിതമായി 83,13,049 രൂപയും (ജനറൽ), 1,46,600 രൂപയും (എസ് സി) ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 52,51,661 രൂപയും ഉഴവുകൂലിയായി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിനുത്തരമായി യോഗത്തിൽ അറിയിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിൽ അനുമതി ലഭ്യമായ പദ്ധതികളുടെ പ്രവൃത്തി പുരോഗതി യോഗത്തിൽ വിലയിരുത്തി.
യോഗത്തിൽ എംഎൽഎ മാരായ കെ.ഡി. പ്രസേനൻ, കെ. ശാന്തകുമാരി, എ. പ്രഭാകരൻ, മുഹമ്മദ് മുഹ്സിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ്ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പവർകട്ടില്ലാത്ത പത്തു വർഷത്തേക്കുറിച്ചു സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ കഴിഞ്ഞ പത്തു വർഷത്തിനിടെ വൈദ്യുതി നിരക്കു വർധിപ്പിച്ചത് ആറു തവണ.
2024 ൽ യൂണിറ്റിനു 16 പൈസ വർധിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും 12 പൈസയും വർധിപ്പിച്ചു. ഇരു നിരക്കുവർധനകളും പ്രഖ്യാപിച്ചത് ഒരുമിച്ചായിരുന്നു. പവർകട്ടില്ലാതെ വൈദ്യുതി ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒപ്പുവച്ച 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വഴി ആണെന്നു പ്രതിപക്ഷം അവകാശപ്പെടുന്നു.
യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു വൈദ്യുതി 25 വർഷത്തേക്കു ലഭിക്കുമായിരുന്നത്. എന്നാൽ, എട്ടു വർഷത്തിനു ശേഷം കരാർ റദ്ദാക്കപ്പെട്ടു. യൂണിറ്റിന് 4.29 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് എട്ടു മുതൽ 14 രൂപ വരെ നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചു. ഇതുവഴി ഒരു ദിവസം വൈദ്യുതി ബോർഡിനു വരുന്ന അധികച്ചെലവ് 25 കോടി രൂപയാണത്രെ. ഈ ഭാരവും നിരക്കുവർധനയുടെ രൂപത്തിൽ ഉപയോക്താവിനു മേൽ പതിക്കും.
വൈദ്യുതിക്കു പുറമേ കുടിവെള്ളത്തിനും വൻതോതിലുള്ള നിരക്കുവർധന നടപ്പിലാക്കി. 2016നു ശേഷം 2021ൽ അഞ്ചു ശതമാനം വർധന വരുത്തി. പിന്നീട് 2023 ൽ കുത്തനെയുള്ള നിരക്കുവർധന നടപ്പിലാക്കി. പല സ്ലാബുകളിലും മൂന്നിരട്ടി വരെ വർധനയുണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ ഭൂനികുതി വർധിപ്പിച്ചില്ല. എന്നാൽ 2022-23ൽ നികുതി ഇരട്ടിയാക്കി. കഴിഞ്ഞ വർഷം വീണ്ടും 50 ശതമാനം വർധന നടപ്പിലാക്കി. കെട്ടിടനികുതിയിലും വൻ വർധനയാണു നടപ്പിലാക്കിയത്. മാത്രമല്ല വർഷം തോറും അഞ്ചു ശതമാനം വർധന നടപ്പിൽ വരുത്താനും തീരുമാനിച്ചു. കെട്ടിട നിർമാണ പെർമിറ്റിൽ പത്തിരട്ടി വരെ വർധനയാണ് 2023 ൽ പ്രഖ്യാപിച്ചത്. വൻതോതിലുള്ള പ്രതിഷേധ ത്തെത്തുടർന്നാണ് വർധിപ്പിച്ച നിരക്കിൽ 60% വരെ കുറവു വരുത്തിയത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ കേരളത്തിന്റെ പൊതുകടം 1.57 ലക്ഷം കോടി ആയിരുന്നത് ഈ സർക്കാർ അധികാരമൊഴിയുന്പോൾ അഞ്ചു ലക്ഷം കോടിയോളമാകുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത് 10,000 കോടിയുടെ ബാധ്യതകൾ ബാക്കിവച്ചിട്ടാണെന്നായിരുന്നു അന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറഞ്ഞത്. ക്ഷേമപെൻഷൻ കുടിശിക, കരാറുകാർക്കുള്ള കുടിശിക തുടങ്ങിയ ഇനത്തിൽ 6302 കോടിയും കോളജ് അധ്യാപകരുടെ ശന്പള കുടിശിക, സിവിൽ സപ്ലൈസ് കോർപറേഷനു കൊടുക്കാനുള്ള തുക, നെല്ലു സംഭരണ കുടിശിക തുടങ്ങിയ ഇനങ്ങളിലായി 4326 കോടിയുടെയും ബാധ്യത ഉണ്ടെന്നായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.
ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുന്പോൾ നാലു വർഷം കൊണ്ട് എട്ടു ഗഡുക്കളായി കൊടുത്തു തീർക്കുമെന്നു വാക്കു നൽകിയ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ കുടിശിക നൽകാൻ മാത്രം വേണ്ടി വരുന്നത് 36,000 കോടി രൂപ! മറ്റു ബാധ്യതകൾ തീർക്കാൻ ഇനിയും എത്രയോ കോടികൾ വേണ്ടി വരും!!
District News
അമ്പലപ്പുഴ: ആലപ്പുഴ നഗരത്തിലും സമീപത്തെ ഒൻപതു പഞ്ചായത്തുകളിലും ഇന്നും നാളെയും കുടിവെള്ളം മുടുങ്ങും. ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപം ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പുതിയ പൈപ്പ് ലൈനുകൾ കൂട്ടിയോജിപ്പിക്കുന്നതിനാലാണിത്. 36 മണിക്കൂർ നീളുന്ന പണികൾ മൂലം കരുമാടി പ്ലാന്റിൽനിന്നുള്ള ജലവിതരണം പൂർണമായി നിർത്തും.
ആലപ്പുഴ നഗരസഭ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം സൗത്ത്, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, തകഴി പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങുക.
നോമ്പുകാലമായതിനാലും വിദ്യാർഥികൾക്ക് പരീക്ഷാക്കാലമായതിനാലും പലരും കഴിയാവുന്ന രീതിയിൽ ശുദ്ധജലം ശേഖരിച്ചിട്ടുണ്ട്.
36 മണിക്കൂറിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് വാട്ടർ അഥോറിറ്റിയുടെ ശ്രമം. രാത്രിയിലും പകലും രണ്ടു സംഘമായി തിരിഞ്ഞാണ് ജോലി നടത്തുന്നത്. കരുമാടി പ്ലാന്റിലും ചില അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.
District News
ചെറായി: എടവനക്കാട് പഞ്ചായത്തിൽ കുടിവെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടമോടുന്നു. തീരമേഖലയിൽ തൊണ്ട നനക്കാൻ പോലും തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്. മൂന്നാഴ്ചയോളമായി ഒന്ന് , 16 വാർഡുകളിൽ കുടിവെള്ളം എത്തിയിട്ട് . ഇപ്പോൾ 13-ാം വാർഡിലും വെള്ളമെത്താതായിട്ടുണ്ട്.
നോന്പ് കാലമായതിനാൽ കുടിവെള്ളം എത്താത്തത് ഏറെ ദുരിതമായിരിക്കുകയാണ്. എന്നാൽ പഞ്ചായത്താകട്ടെ വാട്ടർ അഥോറിട്ടിയുമായി ബന്ധപ്പെട്ട് പരിഹാരമാർഗങ്ങൾ ആരായാതെ ഏതാനും ഇടങ്ങളിൽ തീരെ ചെറിയ ടാങ്കറിൽ വെള്ളം എത്തിച്ചു കൊടുക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം കുടിനീർ ക്ഷാമം അനുഭവപ്പെടുന്ന മറ്റു പഞ്ചായത്തുകൾ എല്ലാം തന്നെ വാട്ടർ അതോറിറ്റി ഓഫീസിൽ ചെന്ന് കുത്തിരിപ്പു സമരം നടത്തി പരിഹാരം ഉണ്ടാക്കിയതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതിനിടെ എടവനക്കാടുള്ള വാട്ടർ ടാങ്കിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളം വാട്ടർ അഥോറിറ്റി കരാർ ജീവനക്കാരൻ തോന്നിയ പോലെ തിരിച്ച് വിട്ടിട്ടാണ് പലയിടങ്ങളിലും കുടിവെള്ളമെത്താത്തതെന്ന് നാട്ടുകാരും ചില വാർഡ് മെമ്പർമാരും ആരോപിച്ചു.